ശബരിമലയില്‍ പ്രതിഷേധക്കാരെ കെണിയിലാക്കാന്‍ ഡിജിറ്റല്‍ സംവിധാനവുമായി കേരളാ പൊലീസ്

പത്തനംതിട്ട : ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല നട നാളെ തുറക്കാനിരിക്കെ പ്രതിഷേധക്കാരെ കെണിയിലാക്കാന്‍ ഡിജിറ്റല്‍ സംവിധാനവുമായി കേരളാ പൊലീസ്. സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ട ‘പ്രശ്നക്കാര്‍’ വീണ്ടുമെത്തിയാല്‍ എളുപ്പം കണ്ടെത്താനുള്ള ഫേസ് ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യയാണ് പൊലീസ് ഉപയോഗിക്കുന്നത്.

വീഡിയോയില്‍ പതിയുന്ന ഓരോ മുഖവും കമ്പ്യൂട്ടര്‍ സ്വയം വിലയിരുത്തുന്ന സാങ്കേതിക വിദ്യയാണ് ഫേസ് ഡിറ്റക്ഷന്‍. പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയ നാനുറോളം പേരുടെ ചിത്രങ്ങള്‍ പുതിയതായി സ്ഥാപിക്കുന്ന 22 ക്യാമറകളില്‍ 12 എണ്ണത്തിലാണ് ഫേസ് ഡിറ്റക്ഷന്‍ ഉള്ളത്. ഇത് ആള്‍ക്കാരുടെ ഉയരത്തിനൊപ്പിച്ച് പമ്പ നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളില്‍ പൊലീസ് സ്ഥാപിച്ചു.

പ്രശ്നക്കാര്‍ പമ്പ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളില്‍ എത്തിയാല്‍ ഫേസ് ഡിറ്റക്ഷന്‍ ക്യാമറ സോഫ്റ്റ് വെയര്‍ ഉടന്‍ പൊലീസിന് അറിയിപ്പ് നല്‍കും. താടിയുടെയോ മുടിയുടെയോ രീതി മാറ്റിയാല്‍ പോലും ഫേസ് ഡിറ്റക്ഷന്‍ ക്യാമറകളെ വെട്ടിക്കാന്‍ പറ്റില്ല.

ശബരിമല നട നാളെ തുറക്കാനിരിക്കെ സന്നിധാനത്ത് പ്രതിഷേധം ശക്തമാകാനിടയുണ്ടെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്ത്രീകളെ അണിനിരത്തി ആര്‍എസ്എസും ബിജെപിയും പ്രശ്നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വനിതാ പ്രക്ഷോഭകരെ നേരിടാനുള്ള വനിതാ പൊലീസ് സംഘം പത്തനംതിട്ടയിലെത്തിയിരുന്നു.

30 പേരടങ്ങുന്ന സംഘം പത്തനംതിട്ട എസ്പി ഓഫീസിലാണ് റിപ്പോര്‍ട്ട് ചെയ്തു. 50 വയസ് കഴിഞ്ഞ പൊലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ എത്തിയിരിക്കുന്നതെന്നാണ് സൂചന.

നിരോധനാജ്ഞ നിലവില്‍ വന്ന ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. സുരക്ഷയുടെ ഭാഗമായി ഇലവുങ്കലില്‍ മധ്യമപ്രവര്‍ത്തകരെ തടഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെ പ്രവേശനമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.

Top