ആലുവയിലെ അഞ്ച് വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതികരണവുമായി കേന്ദ്ര മന്ത്രി വി.മുരളീധരന്‍. മലയാളികള്‍ ലജ്ജിച്ച് തല താഴ്ത്തണം. മനസാക്ഷിയെ വിറങ്ങലിക്കുന്ന ക്രൂര കൃത്യമാണ് നടന്നത്. ഫെയ്‌സ് ബുക്കിലൂടെ മാപ്പ് അപേക്ഷിക്കലല്ല കേരള പൊലീസിന്റെ പണി. പകല്‍ നടന്ന കുറ്റകൃത്യം തടയാന്‍ എന്തുകൊണ്ട് പൊലീസിന് സാധിച്ചില്ല. പ്രതിയെ പിടിച്ചെന്ന് വീരവാദം പറയുന്നത് നാണമുണ്ടെങ്കില്‍ നിര്‍ത്തണം. ഈ വീഴ്ചയ്ക്ക് ഉത്തരവാദി ആരാണെന്ന് കണ്ടെത്തണം. വീഴ്ച്ചയ്ക്ക് ഉത്തരവാദികളായവര്‍ സ്ഥാനങ്ങളില്‍ തുടരുതെന്ന് അദ്ദേഹം പറഞ്ഞു.
അതിഥി തൊഴിലാളികള്‍ എവിടെ നിന്ന് വരുന്നു എന്ന് ഒരു വിവരവും സര്‍ക്കാരിന്റെ കൈയ്യില്‍ ഇല്ല. തൊഴിലാളി ക്യാമ്പുകളില്‍ പരിശോധനയില്ല. അവരെ സംബന്ധിച്ച് വ്യക്തമായ വിവരമില്ല. ഒരുപാട് സാഹചര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. നിയമ നിര്‍മ്മാണം നടക്കേണ്ടത് വസ്തുതകളും സാഹചര്യവും പരിശോധിച്ച ശേഷമാണെന്ന് വി മുരളീധരന്‍ പ്രതികരിച്ചു.
അതേസമയം ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി അസഫാക്ക് ആലം റിമാന്‍ഡില്‍. പ്രതിയെ ആലുവ സബ് ജയിലിലേക്ക് ഇന്നുതന്നെ മാറ്റും. പ്രതിക്കെതിരെ കൊലപാതകം, പോക്‌സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയടക്കം 9 വകുപ്പുകളാണ് എഫ് ഐ ആറില്‍ ചുമത്തിയിട്ടുള്ളത്.