വിവാദങ്ങളില്‍ തിളച്ച് മറിയുന്ന രാഷ്ട്രീയ കേരളത്തിന്റെ ഗതി ഇനി ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണ്ണയിക്കും.
പാലായ്ക്ക് പിന്നാലെ ഒക്ടോബര്‍ 21 ന് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതില്‍ ഒരു സീറ്റൊഴികെ ബാക്കിയെല്ലാം യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ലോകസഭ തെരഞ്ഞെടുപ്പിലെ പ്രകടനം വച്ചു നോക്കിയാല്‍ എല്ലാ സീറ്റിലും യു.ഡി.എഫ് തന്നെയാണ് മുന്നില്‍. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്താകട്ടെ ബി.ജെ.പിയുമാണ്.
സിറ്റിംഗ് സീറ്റായ അരൂര്‍ നിലനിര്‍ത്തി മറ്റ് രണ്ടു സീറ്റുകളെങ്കിലും പിടിച്ചെടുക്കാന്‍ പറ്റുമോയെന്നാണ് ഇടതുപക്ഷം ഇപ്പോള്‍ നോക്കുന്നത്.
പാലാരിവട്ടം പാലം അഴിമതിയും മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ പങ്കുമെല്ലാം എറണാകുളം മണ്ഡലത്തില്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നതായാണ് ഇടത് നേതാക്കള്‍ പറയുന്നത്. കോന്നിയും വട്ടിയൂര്‍ക്കാവുമാണ് ഇടതുപക്ഷം അട്ടിമറി വിജയം ലക്ഷ്യമിടുന്ന മറ്റു മണ്ഡലങ്ങള്‍.
ബി.ജെ.പിയാകട്ടെ വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങള്‍ എന്ത് തന്നെ വന്നാലും പിടിച്ചെടുക്കണമെന്ന വാശിയിലാണ്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ കേരളത്തില്‍ ക്യാമ്പ് ചെയ്ത് എന്‍.ഡി.എ പ്രചരണത്തിന് നേതൃത്വം കൊടുക്കും. വിജയ സാധ്യത മാത്രം നോക്കി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ മതിയെന്ന നിര്‍ദ്ദേശം ആര്‍.എസ്.എസും നല്‍കിയിട്ടുണ്ട്.
മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മൂന്ന് മണ്ഡലങ്ങളില്‍ രണ്ടാം സ്ഥാനത്ത് വന്നതാണ് ബി.ജെ.പിയുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നത്. ഒരു സീറ്റില്‍ ജയിച്ചാല്‍ പോലും അത് കേരളത്തിന്റെ രാഷ്ട്രീയ ചിത്രം മാറ്റുമെന്നതിനാല്‍ ബി.ജെ.പി കേന്ദ്ര നേതൃത്വവും ശക്തമായ ഇടപെടലാണ് വരും ദിവസങ്ങളില്‍ ഈ മണ്ഡലങ്ങളില്‍ നടത്താന്‍ പോകുന്നത്.
ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അഞ്ച് മണ്ഡലങ്ങളിലും പ്രചരണത്തിനിറക്കാനും നേതൃത്വത്തിനിടയില്‍ ധാരണയായിട്ടുണ്ട്. ബി.ഡി.ജെ.എസിന് ആലപ്പുഴ സീറ്റ് വിട്ടു നല്‍കാന്‍ ബി.ജെ.പി തയ്യാറാണെങ്കിലും പ്രചരണത്തിന് തുഷാര്‍ വെള്ളാപ്പള്ളിയെ വല്ലാതെ ആശ്രയിക്കില്ലന്നാണ് സൂചന.
ചെക്ക് കേസില്‍ ക്രിമിനല്‍ കേസില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും തുഷാറിനെതിരെ സിവില്‍ കേസ് അജ്മാന്‍ കോടതിയില്‍ നിലവിലുണ്ട്. മാത്രമല്ല കേസ് സംബന്ധമായി പുറത്ത് വന്ന വിവരങ്ങള്‍ പൊതു സമൂഹത്തിന്റെ തെറ്റിധാരണ മാറ്റാന്‍ മാത്രം പ്രാപ്തമായിട്ടില്ലന്ന വിലയിരുത്തലും ബിജെപി നേതാക്കള്‍ക്കിടയിലുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ തുഷാറിനായി ഇടപെട്ടതും ബി.ജെ.പിയെ സംബന്ധിച്ച് പിറകോട്ടടിപ്പിക്കുന്ന ഘടകമാണ്. ചെക്ക് കേസ് ഇടതുപക്ഷവും യു.ഡി.എഫും എന്‍.ഡി.എക്ക് എതിരെ ആയുധമാക്കില്ലന്നത് മാത്രമാണ് ബി.ജെ.പി നേതൃത്വത്തിന്റെ ഏക ആശ്വാസം.
ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും അധികം വെല്ലുവിളി നേരിടുന്നത് യു.ഡി.എഫ് ആണ്. ഒന്നൊഴികെ മറ്റെല്ലാ സീറ്റുകളും അവരുടേതാണ് എന്നതാണ് ആശങ്കക്ക് അടിസ്ഥാനം. കടുത്ത മത്സരമാണ് അഞ്ച് മണ്ഡലങ്ങളിലും നടക്കാന്‍ പോകുന്നത് എന്ന കാര്യത്തില്‍ യു.ഡി.എഫ് നേതൃത്വത്തിന് നിലവില്‍ സംശയമില്ല.
ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് പാളിയാല്‍ അത് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനെയാണ് ബാധിക്കുക. ഒരു സീറ്റ് നഷ്ടമായാല്‍ പോലും യു.ഡി.എഫിനെ സംബന്ധിച്ച് പ്രതിസന്ധി രൂക്ഷമാക്കും. സര്‍ക്കാറിനെതിരെയാണ് ജനവികാരം എന്നു പറയുന്ന പ്രതിപക്ഷ വാദത്തിന്റെ മുനയാണ് അവിടെ ഒടിയപ്പെടുക. ഇടതുപക്ഷത്തിനാകട്ടെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്തി കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അത് ഭരണ തുടര്‍ച്ചക്കുള്ള പ്രതീക്ഷയാണ് നല്‍കുക.
യു.ഡി.എഫ് മുന്നണിയില്‍ മഞ്ചേശ്വരം സീറ്റില്‍ മത്സരിക്കുക മുസ്ലീം ലീഗാണ്. യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന ആവശ്യം ഇവിടെ യൂത്ത് ലീഗ് നേതൃത്വം ഉയര്‍ത്തി കഴിഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് മഞ്ചേശ്വരം സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുക. ലീഗിലെ സ്ഥാനമോഹികള്‍ ഇപ്പോള്‍ തന്നെ കുഞ്ഞാലിക്കുട്ടിക്കും ഇ.ടി മുഹമ്മദ് ബഷീറിനും പിന്നില്‍ അണിനിരന്ന് സമ്മര്‍ദ്ദം തുടങ്ങിയിട്ടുണ്ട്. ഇവരില്‍ ആര്‍ക്ക് സംസ്ഥാന അദ്ധ്യക്ഷന്‍ ഹൈദരലി തങ്ങളെ സ്വാധീനിക്കാന്‍ പറ്റും എന്നതാണ് രാഷ്ട്രിയ നിരീക്ഷകരും ഇപ്പോള്‍ ഉറ്റു നോക്കുന്നത്.
കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന നാല് സീറ്റുകളിലും നിലവില്‍ ഐ വിഭാഗമാണ് മത്സരിച്ച് വരുന്നത്. എന്നാല്‍ ഇത്തവണ ഗ്രൂപ്പിനല്ല കഴിവിനാണ് പ്രാധാന്യം നല്‍കുകയെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഐ ഗ്രൂപ്പിനെ സംബന്ധിച്ച് ഏറെ ആശങ്കപ്പെടുത്തുന്ന നിലപാടാണിത്. രമേശ് ചെന്നിത്തലയാണ് ഇതോടെ വെട്ടിലായിരിക്കുന്നത്.
വാശി പിടിച്ച് നാല് സീറ്റിലും ഐ വിഭാഗം മത്സരിച്ചാല്‍ എ ഗ്രൂപ്പ് പാലം വലിച്ച് തോല്‍പ്പിക്കുമെന്ന കാര്യം ഉറപ്പാണ്. ഇത് തെരഞ്ഞെടുപ്പിന് ശേഷം ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവിന്റെ കസേര തെറുപ്പിക്കാനാണ് ഇടവരുത്തുക. സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുത്തിയത് പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനത്തിലുള്ള വീഴ്ചയായി ചിത്രീകരിക്കാന്‍ എ ഗ്രൂപ്പിന് എളുപ്പത്തില്‍ കഴിയും. ഘടക കക്ഷികളും ഇതേ നിലപാട് സ്വീകരിക്കാന്‍ തന്നെയാണ് സാധ്യത. ഈ അപകടം ചെന്നിത്തലയും ഇപ്പോള്‍ മുന്‍ കൂട്ടി കാണുന്നുണ്ട്.
അതേ സമയം പാര ഭയന്ന് സീറ്റുകളില്‍ വിട്ടുവീഴ്ച ചെയ്താലും ചെന്നിത്തലക്കും ഐ ഗ്രൂപ്പിനും ആശങ്കകള്‍ ഒഴിയുകയില്ല. ഇപ്പോള്‍ മത്സരിക്കുന്ന സീറ്റുകള്‍ 2021 ലെ തെരഞ്ഞെടുപ്പിലും വിട്ടു നല്‍കാന്‍ എ ഗ്രൂപ്പ് തയ്യാറാവുകയില്ല. ഇത് എം.എല്‍.എമാരുടെ ‘തലയെണ്ണല്‍’ രാഷ്ട്രീയത്തിലാണ് നിര്‍ണ്ണായകമാകുക.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതില്‍ എം.എല്‍.എമാരുടെ നിലപാട് അതി നിര്‍ണ്ണായകമാകും. കോണ്‍ഗ്രസ്സ് എം.എല്‍.എമാരില്‍ കൂടുതല്‍ പേര്‍ ആര്‍ക്ക് കൈ പൊക്കും എന്നതിനെ ആശ്രയിച്ചായിരിക്കും തീരുമാനം. കൂടുതല്‍ സീറ്റുകളില്‍ എ ഗ്രൂപ്പ് മത്സരിച്ചാല്‍ അത് രമേശ് ചെന്നിത്തലയുടെ സാധ്യതയെയാണ് ഏറെ ബാധിക്കുക.
ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം മണ്ഡലങ്ങള്‍ പ്രതീകൂല കാലാവസ്ഥയിലും കോണ്‍ഗ്രസ്സിനെ കൈവിടാത്ത മണ്ഡലങ്ങളാണ്. ഇതില്‍ ഒന്ന് എ ഗ്രൂപ്പിന് ലഭിച്ചാല്‍ പോലും അത് ഉമ്മന്‍ചാണ്ടി വിഭാഗത്തെ സംബന്ധിച്ച് ബോണസാണ്. ഇപ്പോഴും കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ ക്രൗഡ് പുള്ളര്‍ ഉമ്മന്‍ ചാണ്ടി തന്നെ ആയതിനാല്‍ എ വിഭാഗത്തിന്റെ ആവശ്യം നിരസിക്കാന്‍ ഹൈക്കമാന്റിനും കഴിയുകയില്ല.
വട്ടിയൂര്‍ക്കാവില്‍ നിന്നും മത്സരിച്ച കെ.മുരളീധരനും കോന്നിയില്‍ നിന്നും മത്സരിച്ച അടൂര്‍ പ്രകാശും നിലവില്‍ ഉമ്മന്‍ ചാണ്ടിക്കൊപ്പമാണുള്ളത്. ഇവര്‍ ഐ ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതിനാല്‍ സീറ്റ് വിട്ടുകിട്ടണമെന്നതാണ് എ ഗ്രൂപ്പിന്റെ ആവശ്യം. ഹൈബി ഈഡന്‍ പോലും ഇപ്പോള്‍ ഐ ഗ്രൂപ്പിന്റെ ഭാഗമല്ലന്ന വാദവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.
എറണാകുളത്ത് കെ.വി തോമസോ അദ്ദേഹത്തിന്റെ നോമിനിയോ വന്നാല്‍ പോലും ഐ ഗ്രൂപ്പിന് സീറ്റ് കൈവിട്ട് പോകും. ചെന്നിത്തല വിഭാഗത്തിന് ശക്തിയുണ്ടെന്ന് അവകാശപ്പെടുന്ന ആലപ്പുഴയില്‍ പോലും കാര്യം അത്ര പന്തിയില്ല. ഇവിടെ അരുര്‍ സീറ്റിനായി ഷാനിമോള്‍ ഉസ്മാനും എ.എ.ഷുക്കൂറും തമ്മിലാണ് വടംവലി. ഇവരില്‍ ആര് സ്ഥാനാര്‍ത്ഥിയായാലും ഐ ഗ്രൂപ്പില്‍ പൊട്ടിത്തെറി ഉറപ്പാണ്. ഇതെല്ലാം ഓര്‍ത്ത് ചെകുത്താനും കടലിനും ഇടയില്‍പ്പെട്ട അവസ്ഥയിലായിരിക്കുകയാണിപ്പോള്‍ രമേശ് ചെന്നിത്തല.
Political Desk