ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിലിത് പുനസംഘടനയിലെ തമ്മിലടിക്കാലം. കെ.പി.സി.സി പ്രസിഡന്റായി കോണ്‍ഗ്രസില്‍ പട്ടാളചിട്ടകൊണ്ടുവരുമെന്ന് വീമ്പിളക്കിയ മുല്ലപ്പള്ളി രാമചന്ദ്രന് പോലും ഗ്രൂപ്പ് നേതാക്കള്‍ക്ക് മുന്നിലിപ്പോള്‍ മുട്ടുമടക്കേണ്ടിവന്നിരിക്കുകയാണ്.
കെ.പി.സി.സി ഭാരവാഹികളുടെ എണ്ണംകുറച്ച് കാര്യപ്രാപ്തിയുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്ന കടുംപിടുത്തമാണ് മുല്ലപ്പള്ളിക്ക് ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നത്. ഇതോടെ എ, ഐ ഗ്രൂപ്പുകള്‍ക്ക് 15 വീതം ഭാരവാഹികളെ പങ്കിട്ടുകൊടുക്കുന്ന ഫോര്‍മുലയാണ് ഇനി നടപ്പാവുക. ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരുമായി നൂറിലേറെ ഭാരവാഹികളാണ് ഇനി കെ.പി.സി.സിക്ക് ഉണ്ടാവാന്‍ പോകുന്നത്.
എണ്ണം കുറക്കാന്‍ ഒരാള്‍ക്ക് ഒരു പദവി എന്ന നിര്‍ദ്ദേശവും ഇവിടെ അട്ടിമറിക്കപ്പെട്ടു കഴിഞ്ഞു. എം.പിമാരും എം.എല്‍.എമാരും ഇനി പാര്‍ട്ടി ഭാരവാഹികളുടെ ഇരട്ടറോളിലാണ് തിളങ്ങാന്‍ പോകുന്നത്.
കോണ്‍ഗ്രസില്‍ ഭാരവാഹിത്വം, നേതാക്കളുടെ പെട്ടിതാങ്ങികള്‍ക്കും സില്‍ബന്തികള്‍ക്കും തന്നെയെന്നത് ഉറപ്പിക്കുന്നതാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലക്കും വഴങ്ങാതെ കോണ്‍ഗ്രസില്‍ മുന്‍പ് പുനസംഘടന നടത്തിയത് വി.എം സുധീരന്റെ വിജയമായിരുന്നു. ഗ്രൂപ്പ് മാനേജര്‍മാര്‍ക്ക് വഴങ്ങാതെ ഡി.സി.സി പുനസംഘടന നടത്തിയതോടെയാണ് സുധീരനെ പുകച്ചുചാടിക്കാന്‍ ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒന്നിച്ചിരുന്നത്.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥന്‍മാരായ വി.വി പ്രകാശിനെയും സതീശന്‍പാച്ചേനിയെയും എ ഗ്രൂപ്പില്‍ നിന്നും അടര്‍ത്തിയെടുത്താണ് സുധീരന്‍ മലപ്പുറം, കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റ്മാരാക്കിയിരുന്നത്. മുതിര്‍ന്ന നേതാവ് ആര്യാടന്‍ മുഹമ്മദിനെപ്പോലും നോക്കുകുത്തിയാക്കിയായിരുന്നു പ്രകാശിനെ സുധീരന്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റാക്കി അവരോധിച്ചിരുന്നത്.
തൃശൂരില്‍ ടി.എന്‍ പ്രതാപനും സുധീരന്റെ നോമിനിയായിരുന്നു. തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര സനലും കാസര്‍ക്കോട്ട് ഹക്കീം കുന്നേലും ഗ്രൂപ്പ് മറന്ന് സുധീരനൊപ്പം നില്‍ക്കുകയും ചെയ്തു. ഡി.സി.സി ഭാരവാഹികളിലും അക്കാലത്ത് സുധീരന്‍ പക്ഷക്കാര്‍ ധാരാളം ഉണ്ടായിരുന്നു.
എ, ഐ ഗ്രൂപ്പുകള്‍ക്കെതിരെ സുധീരന്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കുന്നെന്ന് തിരിച്ചറിഞ്ഞാണ് തുടര്‍ന്ന് രണ്ടു ഗ്രൂപ്പുകളും ചേര്‍ന്ന് സുധീരനെതിരെ പടയൊരുക്കം നടത്തിയിരുന്നത്. കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് സുധീരന്‍ തിരിച്ചടിച്ചപ്പോള്‍ താല്‍ക്കാലിക പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിലെ എം.എം ഹസനായിരുന്നു വഹിച്ചിരുന്നത്. ഹസനെയും പിന്നീട് ഇരുഗ്രൂപ്പുകളും തഴഞ്ഞതോടെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഹൈക്കമാന്റിന്റെയും എ.കെ ആന്റണിയുടെയും പിന്തുണയോടെ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റത്.
പ്രസിഡന്റായി ഒരു വര്‍ഷമായിട്ടും സഹഭാരവാഹികളെപ്പോലും നിയമിക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥയിലായിരുന്നു മുല്ലപ്പള്ളി. ജംബോ പട്ടികക്കെതിരെ വാശിപിടിച്ചാല്‍ പുനസംഘടന ഇനിയും നീളുമെന്നായതോടെയാണ് ഇപ്പോള്‍ ഗ്രൂപ്പു നേതൃത്വങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങിയിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 19 മണ്ഡലങ്ങളിലെ വിജയം നല്‍കിയ പ്രതിഛായ, ഉപതെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവും കോന്നിയും കളഞ്ഞ് കുളിച്ചതോടെ അദ്ദേഹത്തിന് കൈമോശംവരികയും ചെയ്തു.
എം.എല്‍.എമാരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചതിനെതിരെ എം.എം ഹസന്‍ അടക്കമുള്ളവര്‍ വിമര്‍ശനവുമായെത്തിയതോടെ ഉപതെരഞ്ഞെടുപ്പില്‍ സിക്സറടിക്കുമെന്ന് വീമ്പിളക്കിയ മുല്ലപ്പള്ളി പാര്‍ട്ടിയിലും ഒറ്റപ്പെടുകയായിരുന്നു. തോല്‍വിയുടെ പാപഭാരം ഇനിയും ഒറ്റക്ക് ചുമക്കാനാവില്ലെന്നു തിരിച്ചറിഞ്ഞതോടെയാണ് ജംബോ പട്ടികക്ക് മുല്ലപ്പള്ളി സമ്മതംമൂളിയിരിക്കുന്നത്.
കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതംവെപ്പിലൂടെയാണ് ഭാരവാഹികളെ നിയമിക്കുന്നതെങ്കില്‍ യൂത്ത് കോണ്‍ഗ്രസില്‍ അത് തെരഞ്ഞെടുപ്പിലൂടെയാണെന്നതാണ് പ്രധാന മാറ്റം. ലോക്സഭാ തെരഞ്ഞെടുപ്പു വന്നപ്പോള്‍ മാറ്റിവെച്ച ഭാരവാഹി തെരഞ്ഞെടുപ്പിനാണ് ഇപ്പോള്‍ തുടക്കമായിരിക്കുന്നത്. ഡിസംബര്‍ എട്ടിന് പുതിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.
നിലവിലെ പ്രസിഡന്റ് ഡീന്‍കുര്യാക്കോസ് ഇടുക്കി എം.പിയായതോടെ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഡീന്‍കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന കമ്മിറ്റിയുടെ കാലാവധി 2015 ജൂണില്‍ തന്നെ അവസാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാതിരുന്നതിനാലാണ് ഡീന്‍കുര്യാക്കോസിന് പ്രസിഡന്റ് സ്ഥാനത്ത് ആറു വര്‍ഷം വരെ തുടരാന്‍ കഴിഞ്ഞിരുന്നത്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് പിടിക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ താഴെതട്ട് മുതല്‍ ഒരുങ്ങിക്കഴിഞ്ഞു. എ ഗ്രൂപ്പ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഷാഫി പറമ്പില്‍ എം.എല്‍.എയെയും ഐ ഗ്രൂപ്പ് ശബരീനാഥ് എം.എല്‍.എയുമാണ് ഉയര്‍ത്തികാട്ടുന്നത്. നിയമസഭയിലെ കോണ്‍ഗ്രസിന്റെ യുവ എം.എല്‍.എമാരായ രണ്ടുപേരും കഴിവു തെളിയിച്ചവരുമാണ്. ഇനിയൊരു യു.ഡി.എഫ് സര്‍ക്കാര്‍ വന്നാല്‍ മന്ത്രി സ്ഥാനം പ്രതീക്ഷിക്കുന്നവരാണിവര്‍.
നിലവില്‍ ജില്ലാ പ്രസിഡന്റുമാര്‍ക്ക് പകരം പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റും, കമ്മിറ്റികളുമാണ് യൂത്ത് കോണ്‍ഗ്രസിനുള്ളത്. കേരളത്തില്‍ 20 പാര്‍ലമെന്റ് കമ്മിറ്റികളാണ് നിലവിലുള്ളത്. ഇത് പഴയപോലെ 14 ജില്ലാ തല കമ്മിറ്റികളാക്കി മാറ്റാനും ഇപ്പോള്‍ നീക്കമുണ്ട്.
പ്രതിപക്ഷത്താവുമ്പോള്‍ സമരത്തിലൂടെ കോണ്‍ഗ്രസിന് ഊര്‍ജ്ജം പകരുന്നത് യൂത്ത് കോണ്‍ഗ്രസും കെ.എസ്.യുവുമാണ്. എന്നാല്‍ രണ്ടു പോഷക സംഘടനകളും കഴിഞ്ഞ കുറേ കാലങ്ങളായി നിര്‍ജീവ അവസ്ഥയിലാണ്.
ഒമ്പത് എം.എല്‍.എമാരുമായി കെ. കരുണാകരന്റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ചത് ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും സുധീരന്റെയും നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുമ്പ് നടത്തിയ പ്രക്ഷോഭങ്ങളായിരുന്നു.
കെ.എസ്.യുവിലൂടെയും യൂത്ത് കോണ്‍ഗ്രസിലൂടെയും വളര്‍ന്നു വന്ന നേതാക്കളാണിപ്പോള്‍ കോണ്‍ഗ്രസിന്റെ അമരത്തുള്ളത്. എന്നാല്‍ അധികാരത്തിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റിയ പഴയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മൂത്ത കോണ്‍ഗ്രസായിട്ടും യുവ നേതാക്കള്‍ക്കായി വഴിമാറുന്നില്ലെന്ന ആരോപണമാണ് കോണ്‍ഗ്രസിലെ യുവതുര്‍ക്കികള്‍ ഉയര്‍ത്തുന്നത്.
കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് മികച്ച പരിഗണനയാണ് കോണ്‍ഗ്രസ് നേതൃത്വമിപ്പോള്‍ നല്‍കി വരുന്നത്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാര്‍ക്ക് നിയമസഭാ സീറ്റുകളും ഉറപ്പാണ്. ഇത്തവണ ലോക്സഭയിലേക്കും യുവനേതാക്കള്‍ക്ക് സീറ്റ് ലഭിക്കുകയും അവരെല്ലാം വിജയിക്കുകയും ചെയ്തിട്ടുണ്ട്.
എന്‍.എസ്.യു മുന്‍ ദേശീയ പ്രസിഡന്റ് ഹൈബി ഈഡന് എറണാകുളവും സംസ്ഥാന പ്രസിഡന്റ് ഡീന്‍കുര്യാക്കോസിന് ഇടുക്കിയിലും ദേശീയ കോ ഓര്‍ഡിനേറ്റര്‍ രമ്യ ഹരിദാസിന് ആലത്തൂരുമാണ് സീറ്റുകള്‍ ലഭിച്ചത്. മൂന്നു പേരും വലിയ വിജയമാണ് ഈ മണ്ഡലങ്ങളില്‍ നിന്നും കരസ്ഥമാക്കിയത്.
അതേസമയം കേരളത്തില്‍ പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ കാര്യമായ പ്രക്ഷോഭങ്ങളൊന്നും ഉയര്‍ത്തികൊണ്ടുവരാന്‍ ഇതുവരെ കോണ്‍ഗ്രസിനോ യൂത്ത് കോണ്‍ഗ്രസിനോ കഴിഞ്ഞിട്ടില്ല.
ബന്ധുനിയമനത്തില്‍ പ്രതിപക്ഷത്തിന് പ്രക്ഷോഭത്തിനുള്ള അവസരം പോലും നല്‍കാതെയാണ് ഇ.പി ജയരാജനെ മാറ്റിയിരുന്നത്. ഫോണ്‍ കെണി വിവാദത്തില്‍ മന്ത്രി ശശീന്ദ്രനെയും നിമിഷങ്ങള്‍ക്കകം മാറ്റി. ഇരു മന്ത്രിമാരെയും മന്ത്രിസഭയില്‍ തിരിച്ചെടുത്തപ്പോഴും പ്രതിപക്ഷ പ്രതിഷേധം പ്രസ്താവനകളില്‍ മാത്രമായി ഒതുങ്ങിപ്പോവുകയായിരുന്നു.
മന്ത്രി കെ.ടി ജലീലിനെതിരെ ബന്ധുനിയമന ആരോപണം ഉയര്‍ന്നപ്പോഴും സമരം നടത്തി മന്ത്രിയെ രാജിവെപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നില്ല. പ്രതിപക്ഷ നേതാവിനും മകനും എതിരെ ആരോപണമുയര്‍ന്നപ്പോള്‍ അതിനെയും യൂത്തന്‍മാര്‍ക്ക് പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനവും നിലവില്‍ ഏറെ പരിതാപകരമാണ്.
ഈ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസിനെയും കെ.എസ്.യുവിനെയും സമരസജ്ജമാക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന തിരിച്ചറിവിലാണിപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം. സംഘടനാ തെരഞ്ഞെടുപ്പിലെ തമ്മിലടി മൂര്‍ഛിച്ചാലും നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം ബാക്കിയുണ്ടെന്ന ആശ്വാസമാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്.
സംഘടനാ തെരഞ്ഞെടുപ്പും തോല്‍വിയും എന്നും കോണ്‍ഗ്രസിന് ഉണങ്ങാത്ത മുറിവുകളാണ് സമ്മാനിച്ചിരുന്നത്. എ.കെ ആന്റണിയും വയലാര്‍ രവിയും തമ്മില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതും കെ. കരുണാകരന്റെ സ്ഥാനാര്‍ത്ഥിയായ വയലാര്‍ രവി ആന്റണിയെ തോല്‍പ്പിച്ചതുമെല്ലാം കേരളത്തിലെ കോണ്‍ഗ്രസില്‍ നീറുന്ന പകയുടെ കനലുകളാണ്.
ഇല്ലാത്ത ചാരക്കേസുയര്‍ത്തി കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നീക്കി എ.കെ ആന്റണി മുഖ്യമന്ത്രിയായതും തോല്‍വി സമ്മാനിച്ച പകയുടെ പ്രതികാരമായിരുന്നു. എ.കെ ആന്റണിക്ക് മുഖ്യമന്ത്രിയാകാന്‍ കെ. മുരളീധരന് കെ.പി.സി.സി പ്രസിഡന്റ് സ്ഥാനമാണ് കരുണാകരന്‍ പിടിച്ചുവാങ്ങിയിരുന്നത്.
എന്നാല്‍ ആന്റണിയുമായി ഇടഞ്ഞ് ഡി.ഐ.സിയിലേക്ക് കരുണാകരനും മുരളിയും പോയതോടെ ഐ ഗ്രൂപ്പും ശിഥിലമാവുകയുണ്ടായി. പിന്നീട് കരുണാകരനും മുരളിയും മടങ്ങിയെത്തിയപ്പോഴേക്കും വിശാല ഐ ഗ്രൂപ്പിന്റെ നേതൃത്വം രമേശ് ചെന്നിത്തല കൈയ്യടക്കിക്കഴിഞ്ഞിരുന്നു.
പഴയ എതിരാളിയായ മുിരളീധരന്‍ ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനാണ്. കോണ്‍ഗ്രസിലെത്തിയ മുരളീധരനെ ഒതുക്കാനുള്ള ചെന്നിത്തലയുടെ നീക്കം വെട്ടി വട്ടിയൂര്‍ക്കാവില്‍ മുരളീധരന് സീറ്റ് നല്‍കിയത് കരുണാകരന്റെ ശത്രുവായിരുന്ന എ.കെ ആന്റണി കൂടി ഇടപെട്ടാണ്.
കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറി ആന്റണി ഡല്‍ഹിയിലേക്ക് തട്ടകം മാറ്റിയതോടെ എ ഗ്രൂപ്പ് നേതൃത്വമിപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. ഭരണത്തുടര്‍ച്ച പ്രതീക്ഷിച്ച കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേറ്റ പരാജയത്തിന്റെ ഷോക്കില്‍ തന്നെയാണിപ്പോഴും ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ നേതൃസ്ഥാനം പോലും ഏറ്റെടുക്കാതെയാണ് അദ്ദേഹമിപ്പോള്‍ മാറി നില്‍ക്കുന്നത്.
ഉമ്മന്‍ചാണ്ടി ഇങ്ങനെ മാറി നിന്നപ്പോഴാണ് പ്രതിപക്ഷ നേതൃസ്ഥാനം ചെന്നിത്തലക്ക് വീണുകിട്ടിയിരുന്നത്. പ്രതിപക്ഷത്ത് ചെന്നിത്തല പരാജയമാണെന്ന മുറവിളിക്കിടെ ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് വരണമെന്ന നിര്‍ദ്ദേശവും കോണ്‍ഗ്രസിലും ഘടകകക്ഷികളിലും നിലവില്‍ ശക്തമാണ്. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പോടെ ഇത് സംബന്ധമായ തര്‍ക്കം പൊട്ടിത്തെറിയിലെത്താനാണ് എല്ലാ സാധ്യതയും.
Political Reporter