തിരുവനന്തപുരം: കേരള പിഎസ്സി രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമൂഹത്തിന്റെ ഇടതുപക്ഷ മനോഭാവമാണ് അതിന് കാരണം. മറ്റ് സംസ്ഥാനങ്ങളില്‍ പിഎസ്സി ദുര്‍ബലമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പിഎസ്സികളുടെ നിലനില്‍പ്പ് അപകടത്തിലാവുന്ന സാഹചര്യമാണ്. പിഎസ്സിയെ ദുര്‍ബലപ്പെടുത്താന്‍ മറ്റ് സംസ്ഥാനങ്ങളില്‍ നീക്കം നടക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും പിഎസ്സി നോക്കുകുത്തിയായി. നിയമനങ്ങളില്‍ സംവരണം പോലും ലംഘിക്കപ്പെടുന്ന സാഹചര്യമാണ്. ഇത്തരം അഴിമതി റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരെ കൊല ചെയ്ത സംഭവം പോലും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
പത്ത് ലക്ഷത്തോളം ഒഴിവുകളാണ് ഉള്ളത്. ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നിഷേധിച്ചു. കേന്ദ്ര സര്‍ക്കാര്‍ ലക്ഷക്കണക്കിന് പേര്‍ക്ക് തൊഴില്‍ നിഷേധിച്ച് നാമമാത്രമായ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് അതിനെ പെരുപ്പിച്ച് കാണിക്കുന്നു. ശാസ്ത്ര സാങ്കേതിക മന്ത്രാലയം പ്രധാനമന്ത്രിയുടെ കീഴിലാണ്. അതില്‍ പകുതി തസ്തികയും ഒഴിഞ്ഞു കിടക്കുന്നു. സേനയില്‍ ആയിരക്കണക്കിന് ഓഫീസര്‍ തസ്തികയില്‍ ഒഴിവ്. അപ്പോഴാണ് അഗ്‌നിവീറിലൂടെ നിയമനം നല്‍കുന്നത്. കേന്ദ്രം നിയമന നിരോധനം, തസ്തിക വെട്ടി കുറയ്ക്കല്‍ എന്നിവയുമായി മുന്നോട്ട് പോകുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പ്രതി വര്‍ഷം ശരാശരി 30,000 നിയമനങ്ങള്‍ പിഎസ്സി വഴിയാണ് നടത്തുന്നത്. 7.5 വര്‍ഷത്തിനിടെ 2,20,000 ഓളം നിയമനം പിഎസ്സി വഴി നല്‍കി. വര്‍ഷം തോറും ഒരു കോടി യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്ത് ബിജെപി കേന്ദ്രത്തില്‍ ഭരണത്തിലെത്തി. എന്നാല്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്‍കാതെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വത്കരിക്കുന്നു. ഉണ്ടായിരുന്ന തൊഴില്‍ അവസരം പോലും നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.