തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപക മഴ തുടരുന്നു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. മറ്റന്നാളോടെ മഴ കൂടുതല്‍ കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കനത്തമഴയില്‍ ആലപ്പുഴ പള്ളിപ്പാട് ഉണ്ടായ മടവീഴ്ചയില്‍ ലക്ഷങ്ങളുടെ കൃഷി നശിച്ചു.
കേരളത്തെ വിടാതെ ഒപ്പം തുടരുകയാണ് മഴ. മധ്യ തെക്കന്‍ കേരളത്തില്‍ ഉച്ചയോടെ മഴ തുടങ്ങി. തിരുവനന്തപുരത്ത് മലയോരമേഖലയിലും നഗരപ്രദേശത്തും നല്ല മഴ കിട്ടി. കനത്ത മഴയിലും കിഴക്കന്‍ വെള്ളത്തിന്റെ ശക്തമായ വരവിലും ആലപ്പുഴ പള്ളിപ്പാട് പഞ്ചായത്തിലെ പള്ളിക്കല്‍ മുല്ലേമൂല പടശേഖരത്ത് മട വീണു. 110 ഏക്കര്‍ വിസ്തൃതി ഉള്ള പാടശേഖരത്തിലാണ് ഇന്ന് പുലര്‍ച്ചെ മടവീഴ്ച ഉണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്നും പാടശേഖര സമിതി ഭാരവാഹികള്‍ പറഞ്ഞു.
അടുത്ത മണിക്കൂറുകളില്‍ മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും കിഴക്കന്‍ മേഖലകളില്‍ മഴ കനക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എട്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ ഉച്ചയോട് കൂടി മഴ കനത്തേക്കാം. അതായത് വിഷു ദിനം മഴയില്‍ കുതിര്‍ന്നേക്കാം എന്നാണ് പ്രവചനം. വടക്കന്‍ കേരളത്തില്‍, കിഴക്കന്‍ മേഖലയിലായിരിക്കും മഴ കിട്ടുക. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയുടെ ഫലമായി കാറ്റ് കേരളത്തിന് അനുകൂലമായതാണ് മഴ തുടരാന്‍ കാരണം. ചക്രവാതച്ചുഴി അറബിക്കടലിലേക്ക് എത്തുംവരെ മഴ തുടരാം. തെക്കേ ഇന്ത്യക്ക് മുകളിലായുള്ള ന്യൂനമര്‍ദ്ദപാത്തിയും മഴയ്ക്ക് കാരണമാകും. വെള്ളിയാഴ്ചയോടെ മഴ കുറയുമെന്നാണ് നിലവിലെ വിലയിരുത്തല്‍.