തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.
പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ തിങ്കളാഴ്ചയും, ചൊവ്വാഴ്ചയും യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല.
അതേസമയം, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് ആന്ധ്രയുടെ കിഴക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരുന്നു. തിരുപ്പതി ക്ഷേത്രപരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. മണ്ണിടിച്ചിലില്‍ റോഡ് തകര്‍ന്നതോടെ തിരുപ്പതിയിലേക്കുള്ള സന്ദര്‍ശനത്തിന് വിലക്ക് ഏര്‍പ്പെടുത്തി.
തിരുപ്പതി ക്ഷേത്രത്തിന് സമീപത്തുള്ള നാല് തെരുവുകളും വെള്ളത്തിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ തീര്‍ത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. ഹോട്ടലുകളിലും വഴിയിലും ഒറ്റപ്പെട്ട തീര്‍ത്ഥാടകരെ സര്‍ക്കാര്‍ കേന്ദ്രങ്ങളിലേക്ക് മാറ്റി.
ചിറ്റൂര്‍, കഡപ്പ, നെല്ലൂര്‍ അടക്കം തീരമേഖലയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. നിരവധി വീടുകളില്‍ വെള്ളം കയറി. കഡപ്പ ജില്ലയില്‍ ബസുകള്‍ ഒഴുക്കില്‍പ്പെട്ട് 12 പേര്‍ മരിച്ചു. 18 പേരെ കാണാതായി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇതോടെ ആന്ധ്രയിലെ മഴക്കെടുതിയില്‍ മരണം 16 ആയി.