തിരുവനന്തപുരം: ശ്രീലങ്കന്‍ തീരത്തിന് സമീപത്ത് നിലനില്‍ക്കുന്ന ചക്രവാതചുഴി തിങ്കളാഴ്ചയോടെ അറബിക്കടലില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം തന്നെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദവും നാളെ രൂപം കൊള്ളും. തുടര്‍ന്ന് കൂടുതല്‍ ശക്തിപ്രാപിച്ച് ന്യൂനമര്‍ദ്ദം ഇന്ത്യന്‍ തീരത്തേക്ക് നീങ്ങും.
ഇതിന്റെ ഫലമായി ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ തമിഴ്നാട് തീരം, കന്യാകുമാരി എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. കേരള, ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
ഞായറാഴ്ച ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.