സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; മലയോര മേഖലകളില്‍ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. എന്നാല്‍, കേരള-കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് തടസമില്ല.

അതേസമയം, ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ വീണ്ടും തുറന്നു. 9 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. 5668 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കുന്നത്.

141.90 അടിയാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.

ഇന്നലെ ജലനിരപ്പ് 141.85 അടിയായി കുറഞ്ഞതോടെ എട്ട് ഷട്ടറുകള്‍ അടച്ചിരുന്നു. പരമാവധി സംഭരണശേഷിയിലേക്ക് ജലനിരപ്പ് എത്തുന്നതിന് മുന്‍പേ മുന്നറിയിപ്പ് നല്‍കിയാണ് തമിഴ്നാട് ഇന്നലെ വെള്ളം തുറന്നു വിട്ടത്.

Top