തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ എട്ട് ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് എന്‍ഡിആര്‍എഫിന്റെ നാല് യൂണിറ്റുകള്‍ കൂടി സംസ്ഥാനത്ത് എത്തും. എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്തമാന്‍ ഭാഗത്ത് നിലവിലുള്ള ന്യൂനമര്‍ദ്ദം ഇന്ന് തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. വടക്കന്‍ തമിഴ്നാടിന് മുകളിലും തെക്ക് കിഴക്കന്‍ അറബിക്കടലിലും ചക്ര വാത ചുഴി നിലനില്‍ക്കുന്നുണ്ട്. ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി കേരളത്തില്‍ മഴ ശക്തിപ്രാപിക്കും. ഇന്ന് മധ്യ-വടക്കന്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ പെയ്യുന്ന തെക്കന്‍ ജില്ലകളില്‍ ഇന്ന് മഴയുടെ ശക്തി കുറയും. സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.
കാസര്‍ഗോഡ്, എറണാകുളം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു. കേരള, എംജി, ആരോഗ്യ സര്‍വകാലാശാലകളും പരീക്ഷകള്‍ മാറ്റിയിട്ടുണ്ട്.