കക്കി, ഷോളയാര്‍ അണക്കെട്ടുകള്‍ തുറന്നു; നദികള്‍ നിറയും, ജാഗ്രതാ നിര്‍ദേശം !

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിലെ കക്കി-ആനത്തോട് അണക്കെട്ട് തുറന്നു. രണ്ടു ഷട്ടറുകള്‍ 10 മുതല്‍ 15 സെന്റിമീറ്റര്‍ വരെ ഉയര്‍ത്തി.

പമ്പയാറിലും കക്കാട്ടാറിലും ഉച്ചയോടെ ജലനിരപ്പ് ഒന്നരയടി വരെ ഉയരും. കുട്ടനാട്ടില്‍ നാളെ രാവിലെ വെള്ളമെത്തും. ഷോളയാര്‍ അണക്കെട്ടും തുറന്നു. വൈകിട്ട് നാലോടെ ചാലക്കുടിയിലേക്ക് വെള്ളമെത്തും.

അതേസമയം, മഴക്കെടുതിയും ഡാമുകള്‍ തുറക്കുന്നതും ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു. ചീഫ് സെക്രട്ടറിയും മന്ത്രിമാരും ദുരന്തനിവരണ അതോറിറ്റി അംഗങ്ങളും പങ്കെടുക്കും. സംസ്ഥാനത്ത് തെക്കന്‍ ജില്ലകളിലെ മലയോരമേഖലയില്‍ മഴ ശക്തമായി തുടരുന്നു.

അതി ശക്തമായ മഴക്ക് സാധ്യതയില്ലെങ്കിലും പരക്കെ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. ഒരു ജില്ലയിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടില്ല. ശക്തമായ മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പു പരമാവധി സംഭരണശേഷിയോട് അടുക്കുന്നു.

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.04 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 91.92 % ആണ്. 2397.86 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. എന്നാല്‍ നിലവില്‍ നീരൊഴുക്ക് കുറഞ്ഞെന്നും അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്നുമാണ് വിവരം.

Top