തിരുവനന്തപുരം: ശക്തമായ മഴയെ തുടര്‍ന്ന് വിഴിഞ്ഞത്ത് വീടിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. വീടിനോടുചേര്‍ന്ന കുന്നിടിഞ്ഞപ്പോള്‍ വീടിന്റെ ഒരു ഭാഗവും ഇടിയുകയായിരുന്നു. കോട്ടപ്പുറം സ്വദേശി പീറ്ററിന്റെ വീടിനാണ് കേടുപാട് സംഭവിച്ചത്. ആര്‍ക്കും പരുക്കുകളില്ല. മണ്ണിടിഞ്ഞു തുടങ്ങിയപ്പോള്‍ തന്നെ വീട്ടുകാര്‍ പുറത്തേക്കിറങ്ങി രക്ഷപെടുകയായിരുന്നു.
കനത്ത മഴയില്‍ തിരുവനന്തപുരത്ത് കിണറുകളും ഇടിഞ്ഞു. തൂങ്ങാംപാറ ഹരിജന്‍ കോളനിയിലാണ് കിണറുകള്‍ ഇടിഞ്ഞത്. മഴയില്‍ നേരിയ കുറവുണ്ടെങ്കിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്ന കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും അതിജാഗ്രത നല്‍കിയിട്ടുണ്ട്.
അതേസമയം, തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴക്കെടുതി തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ശബരിമല തീര്‍ത്ഥാടക പാതകളിലും വെള്ളം കയറി.