തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ബുധനാഴ്ച വരെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വ്യാഴാഴ്ച പതിനൊന്ന് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്.
ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. കേരള കര്‍ണാടക തീരങ്ങളില്‍ നിലവില്‍ മത്സ്യബന്ധനത്തിന് വിലക്കില്ല.
ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴി ന്യൂനമര്‍ദ്ദമായി മാറുന്നതോടെയാണ് സംസ്ഥാനത്ത് മഴ കനക്കാന്‍ കാരണമാകുന്നത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സുമാത്ര തീരത്തായാണ് ന്യൂനമര്‍ദ്ദം രൂപപ്പെടുന്നത്.
അതേസമയം, തമിഴ്നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈ ഉള്‍പ്പെടെ നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിലാണ്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മഴ കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.