തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ കനക്കുന്നു. തിരുവനന്തപുരം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും പ്രഖ്യാപിച്ചു. നാളെ ഏഴ് ജില്ലകളിലും മറ്റന്നാള്‍ നാലു ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് മലയോര മേഖലകളില്‍ മണ്ണിടിഞ്ഞും വീടുകളില്‍ വെള്ളം കയറിയും ജനജീവിതം ദുസ്സഹമായി. നദികളില്‍ ജലനിരപ്പ് ഉയരുകയാണ്. പാറശ്ശാലയില്‍ റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണതിനെ തുടര്‍ന്ന് രണ്ട് ട്രെയിനുകള്‍ പൂര്‍ണമായും ആറുട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി.
വിഴിഞ്ഞത്ത് ശക്തമായ മഴയ്ക്കൊപ്പം കടല്‍ക്ഷോഭവും രൂക്ഷമാണ്. വീടുകള്‍ക്കും, മത്സ്യത്തൊഴിലാളികളുടെ വളളങ്ങള്‍ക്കും, യാനങ്ങള്‍ക്കും, കടകള്‍ക്കും ഏകദേശം അന്‍പത് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. ദുരിത ബാധിത പ്രദേശങ്ങള്‍ മന്ത്രി വി ശിവന്‍കുട്ടിയും ജില്ലാ കളക്ടറും സന്ദര്‍ശിച്ചു.