തിരുവനന്തപുരം: കേരളത്തില്‍ ഒഴിവുള്ള ഒരു രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് ഇന്ന്. നിയമസഭാ മന്ദിരത്തിലെ പാര്‍ലമെന്ററി പാഠശാലാ ഹാളില്‍ സജ്ജീകരിക്കുന്ന ബൂത്തില്‍ രാവിലെ ഒമ്പതു മണി മുതല്‍ വൈകീട്ട് നാലു മണി വരെയാണ് വോട്ടെടുപ്പ്. അഞ്ചു മണിക്കു വോട്ടെണ്ണല്‍ ആരംഭിക്കും. എല്‍ഡിഎഫില്‍ നിന്ന് എം പി വീരേന്ദ്രകുമാറും യുഡിഎഫില്‍ നിന്ന് ബി ബാബുപ്രസാദുമാണ് മത്സരിക്കുന്നത്.
നിയമസഭയിലെ തെരഞ്ഞെടുക്കപ്പെട്ട 140 അംഗങ്ങളില്‍ നിലവില്‍ 139 പേരാണുള്ളത്. ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ആയിരുന്ന കെ കെ രാമചന്ദ്രന്‍ നായരുടെ നിര്യാണം മൂലം ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്.
എല്‍ഡിഎഫിന് 90 അംഗങ്ങള്‍ ഉള്ളതിനാല്‍ വീരേന്ദ്രകുമാറിന്റെ വിജയം ഉറപ്പാണ്. ജയിക്കാന്‍ 70 വോട്ട് മതി. യുഡിഫിനു 41 അംഗങ്ങളാണുള്ളത്. ആറംഗങ്ങളുള്ള കേരള കോണ്‍ഗ്രസ് (എം) വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന. പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 58 രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.