ന്യൂഡല്‍ഹി: നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി കേരളം. അയല്‍ സംസ്ഥാനമായ തമിഴ്‌നാടിനാണ് പട്ടികയില്‍ രണ്ടാം സ്ഥാനം. നീതി ആയോഗിന്റെ ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നില്‍ യോഗിയുടെ ഉത്തര്‍പ്രദേശ് ആണ്.
സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനും ആരോഗ്യ ഫലങ്ങളില്‍ പുരോഗതി വിലയിരുത്തുന്നതിനും ആരോഗ്യകരമായ മത്സരം സൃഷ്ടിക്കാനുമുള്ള ചുവടുവെപ്പാണ് ദേശീയ ആരോഗ്യ സൂചികയെന്ന് നീതി ആയോഗ് ട്വീറ്റ് ചെയ്തു. തമിഴ്നാടും തെലങ്കാനയും ആരോഗ്യ സൂചികയില്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ പോള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിവിധ മേഖലകളില്‍ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്റെ നേട്ടങ്ങളെ പ്രകീര്‍ത്തിച്ചത്.
സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മുന്‍പന്തിയിലാണെന്നും സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും വിനോദ് കുമാര്‍ പറഞ്ഞു.