തിരുവനന്തപുരം: സംസ്ഥാനം കുട്ടികളുടെ വാക്‌സിനേഷന് സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച് കുട്ടികളുടെ വാക്‌സിനേഷന് എല്ലാ ക്രമീകരണവും നടത്തും. എല്ലാ കുട്ടികള്‍ക്കും സുരക്ഷിതമായി വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്. സംസ്ഥാനത്തെ 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ അന്തിമ ഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
ജനുവരി മൂന്നു മുതല്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആദ്യഘട്ടത്തില്‍ 15-18 പ്രായക്കാര്‍ക്കാണ് വാക്സിന്‍ നല്‍കുക. ജനുവരി 10 മുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ നല്‍കും. 60 വയസിന് മുകളിലുള്ള മറ്റു രോഗങ്ങളുള്ളവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.