കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പ്രവാസ ലോകവും കൈകോര്‍ത്തു

Floods in Kerala

അബുദാബി: കേരളത്തിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പ്രവാസികളുടെ പരിപാടികള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നു. കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, ദുരിതബാധിതര്‍ക്ക് കാരുണ്യ ഹസ്തം നീട്ടിയും ,യു.എ.ഇക്ക് നന്ദി പ്രകാശിപ്പിച്ചുമാണ് റാസല്‍ഖൈമയില്‍ പ്രവാസികള്‍ സൗഹൃദ സംഗമം ഒരുക്കിയത്. റാക് നോളജ് തിയേറ്ററാണ് പ്രവാസി സംഗമത്തിന് നേതൃത്വം നല്‍കിയത്. നാടിന്റെ പുനര്‍ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഊര്‍ജമേകുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതമാകാന്‍ ഓരോ പ്രവാസി മലയാളിയും ജാഗ്രത പുലര്‍ത്തണമെന്ന് സംഗമം ആഹ്വാനം ചെയ്തു.

ബഹ്‌റൈനിലെ യുവജന കൂട്ടായ്മയായ ഇന്ത്യന്‍ യൂത്ത് കള്‍ച്ചറല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി ശേഖരിച്ചത് മൂവായിരം കിലോ അവശ്യസാധനങ്ങളാണ്. ഭക്ഷ്യവസ്തുക്കളും ,വസ്ത്രങ്ങളും, സാനിറ്ററി നാപ്കിനുകളും അടങ്ങിയ വസ്തുക്കള്‍ ബഹ്‌റൈനിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ചു. ആയിരം കിലോ സാധനങ്ങള്‍ അയയ്ക്കാനാണ് തുടക്കത്തില്‍ തീരുമാനിച്ചിരുന്നതെങ്കിലും, കൂടുതല്‍ പിന്തുണയും പ്രോത്സാഹനവും ലഭിച്ചതോടെയാണ് മൂവായിരം കിലോ സാധനങ്ങള്‍ അയയ്ക്കാന്‍ തീരുമാനിച്ചത്.

കേരളത്തിലെ ദുരിതബാധിതര്‍ക്കായി യു.എ ഇ രിസാല സ്റ്റഡി സര്‍ക്കിള്‍, ഐ സി എഫ് എന്നിവയ്ക്കു കീഴില്‍ ടണ്‍ കണക്കിന് ഉല്‍പന്നങ്ങളാണ് നാട്ടിലെത്തിച്ചത്. വിവിധ എമിറേറ്റുകളിലെ ഷോപ്പുകളില്‍ നിന്നും സമാഹരിച്ച സ്‌കൂള്‍ കിറ്റുകള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങള്‍, പുതപ്പുകള്‍, പാദരക്ഷകള്‍ തുടങ്ങിയവയാണ് മുഖ്യമായും ശേഖരിച്ച് അയച്ചത്. എസ് വൈ എസ് സംസ്ഥാന കമ്മറ്റിയുടെ സാന്ത്വനം പ്രവര്‍ത്തകര്‍ മുഖേനയാണ് ഉല്‍പന്നങ്ങള്‍ ദുരിതബാധിതര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതെന്ന് ആര്‍ എസ് സി നാഷണല്‍ ഭാരവാഹികള്‍ അറിയിച്ചു . മലയാളികള്‍ക്ക് പുറമെ മറ്റു രാജ്യങ്ങളില്‍ നിന്നുള്ളവരും പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്നു.

Top