കൊച്ചി: പ്രളയ ബാധിത പ്രദേശങ്ങളിലെ രക്ഷാപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയായി. കുടുങ്ങിക്കിടക്കുന്നവര്‍ക്കായുള്ള രക്ഷാ പ്രവര്‍ത്തനം ഇന്നും തുടരും. വെള്ളമിറങ്ങാത്ത ഇടങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണവും കുടിവെള്ളവും എത്തിയ്ക്കുന്നുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ ചത്തൊടുങ്ങിയതിനാല്‍ പകര്‍ച്ചവ്യാധിയ്ക്ക് സാധ്യതയുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്.
എറണാകുളത്തെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതില്‍ ഭൂരിഭാഗം പേരും സ്വന്തം വീടുകളിലേയ്ക്ക് പോകാനൊരുങ്ങുകയാണ്. കൊച്ചി നഗരത്തിലേയ്ക്കുള്ള ജലവിതരണം പുനസ്ഥാപിച്ചു. കൊച്ചി മെട്രോ സൗജന്യ യാത്ര അവസാനിപ്പിച്ചു. പെരിയാറിലെ ജലനിരപ്പ് കാര്യമായി കുറഞ്ഞിട്ടുണ്ട്. കാലടി പമ്പ് ഹൗസിന്റെ തകരാറ് ഇന്നലെ തന്നെ പരിഹരിച്ചിരുന്നു. 735 ക്യാംപുകള്‍ ജില്ലയില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. നാല് ലക്ഷത്തിലധികം പേര്‍ ക്യാമ്പുകളില്‍ ഉണ്ട്. പലവീടുകളിലും മോഷണ ശ്രമങ്ങളും നടന്നിട്ടുണ്ട്.പലയിടങ്ങളും പൊലീസ് സുരക്ഷയിലാണുള്ളത്.
ചെങ്ങന്നൂരില്‍ എല്ലാ സേനാവിഭാഗങ്ങളും ഇന്നും രക്ഷാദൗത്യം നടത്തുന്നുണ്ട്. ചെറിയ വള്ളങ്ങളും സ്പീട് ബോട്ടുകളിലുമായി മത്സ്യത്തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പാണ്ടനാട് മേഖലകളിലെ എല്ലായിടത്തും രക്ഷാസംഘത്തിന് എത്താന്‍ സാധിച്ചു. ഇന്നലെ ഉച്ചയോട് കൂടിതന്നെ ദൗത്യ സംഘം പമ്പാനദിയുടെ അക്കരെയുള്ള വാര്‍ഡുകളില്‍ എത്തിയിരുന്നു.
സംസ്ഥാനത്തെ പ്രളയക്കെടുതി ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷിയോഗം ചേരും. വൈകിട്ട് നാലിന് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനഃരധിവാസമായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. കൂടുതല്‍ കേന്ദ്രസഹായം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ കാണുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ചചെയ്യും.
സര്‍വകക്ഷി യോഗത്തിനു പുറമേ പ്രളയ ദുരിതാശ്വാസത്തിന്റെ തുടര്‍നടപടികള്‍ ചര്‍ച്ചചെയ്യാനും സാഹചര്യങ്ങള്‍ വിലയിരുത്താനുമായി പ്രത്യേക മന്ത്രിസഭാ യോഗവും ഇന്ന് ചേരും.