സ്‌കൂള്‍ തുറക്കല്‍; യൂണിഫോമും ഹാജറും നിര്‍ബന്ധമില്ല, ക്ലാസില്‍ മൂന്നിലൊന്ന് കുട്ടികള്‍

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുമ്പോള്‍ യൂണിഫോമും ഹാജറും നിര്‍ബന്ധമായിരിക്കില്ല. ക്ലാസുകള്‍ മൂന്നിലൊന്ന് കുട്ടികളെ വച്ച് നടത്താന്‍ ആലോചന. വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിലാണ് അധ്യാപക സംഘടനകള്‍ ഇത്തരത്തില്‍ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

ആദ്യഘട്ടത്തില്‍ ഒരു ഷിഫ്റ്റില്‍ 25% വിദ്യാര്‍ത്ഥികളെ മാത്രം ഉള്‍ക്കൊള്ളിച്ച് ക്ലാസുകള്‍ നടത്തണമെന്ന് അധ്യാപക സംഘടനകള്‍ പറഞ്ഞു. പ്രൈമറി ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ഒരു മാസത്തേക്കെങ്കിലും ബ്രിഡ്ജ് കോഴ്സുകള്‍ സംഘടിപ്പിക്കണമെന്നും അധ്യാപകര്‍ പറയുന്നു.

ഒന്നരവര്‍ഷമായി വിദ്യാര്‍ത്ഥികള്‍ വീട്ടിലിരുന്ന് മാനസിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ ഹാപ്പിനസ് കരിക്കുലം വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. കലാ കായിക മേഖലക്ക് മുന്‍ഗണന നല്‍കണം. ഇത് സംബന്ധിച്ച മാര്‍ഗരേഖ അടുത്ത മാസം 5 ന് പുറത്തിറക്കും.

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ജില്ലാതല ഏകോപനം ജില്ലാ കലക്ടര്‍മാര്‍ക്കായിരിക്കും. പ്രധാന അധ്യാപകര്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവരുടെ യോഗം ജില്ലാ കലക്ടര്‍മാര്‍ വിളിച്ചുചേര്‍ക്കും. സ്‌കൂള്‍ തലത്തില്‍ ജാഗ്രതാ സമിതികള്‍ക്കും രൂപം നല്‍കും. എല്ലാ അധ്യാപകരും ജീവനക്കാരും വാക്‌സീന്‍ സ്വീകരിക്കണമെന്നും ഇതിന്റെ ചുമതല അധ്യാപക, അനധ്യാപക സംഘടനകള്‍ ഏറ്റെടുക്കണമെന്നും യോഗം തീരുമാനിച്ചു.

Top