കണ്ണൂര്‍: കൗമാര കലയുടെ മഹോത്സവത്തിന് കണ്ണൂരില്‍ തിരി തെളിഞ്ഞു. രാവിലെ 09:30ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെവി മോഹന്‍ കുമാര്‍ പതാക ഉയര്‍ത്തിയതോടെയാണ് 57ആമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായത്. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും ചടങ്ങില്‍ സംബന്ധിച്ചു.
പോലീസ് മൈതാനിയിലെ മുഖ്യവേദിയായ നിളയില്‍ ഇന്നു വൈകുന്നേരം നാലിനു മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിതെളിക്കുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന കലയുടെ കളിയാട്ടത്തിന് അരങ്ങുണരും. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
പത്തുവര്‍ഷങ്ങള്‍ക്കു ശേഷമെത്തിയ കലാമാമാങ്കത്തെ വരവേല്‍ക്കാനുള്ള എല്ലാ തയാറെടുപ്പുകളും ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു.
14 ജില്ലകളില്‍ നിന്നായി 12,000ത്തിലധികം കലാപ്രതിഭകളാണ് രാപ്പകലുകളെ സമ്പന്നമാക്കാനായി കണ്ണൂരില്‍ എത്തിയിരിക്കുന്നത്. ഹൈസ്‌കൂള്‍ഹയര്‍ സെക്കന്ററി വിഭാഗങ്ങളിലായി 232 ഇനങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്.
20 വേദികളാണ് കലാ മാമാങ്കത്തിനായി കണ്ണൂരില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ 20 നദികളുടെ പേരാണ് 20 വേദികള്‍ക്കും നല്‍കിയിരിക്കുന്നത്. നിള, കബനി, പമ്പ, വളപട്ടണം, കല്ലായി, പെരിയാര്‍, മയ്യഴി എന്നിങ്ങനെയാണ് വേദികളുടെ പേരുകള്‍.
സ്റ്റേഡിയം കോര്‍ണറിലുള്ള വേദിയായ മയ്യഴിയില്‍ 17ആം തിയ്യതി മുതല്‍ 22ആം തിയ്യതി വരെ സാംസ്‌കാരിക പരിപാടികള്‍ നടക്കും. ഈ മാസം 22നാണ് കലോത്സവം അവസാനിക്കുക. അന്ന് വൈകീട്ട് നാല് മണിക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.