രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കരുത്തരായ മുംബൈയെ രണ്ടാം ഇന്നിങ്സിൽ 319 റൺസിന് പുറത്താക്കി കേരളം. ജലജ് സക്സേനയും ശ്രേയസ് ഗോപാലും ഉജ്വല ബോളിങ് പ്രകടനവുമായി കളം നിറഞ്ഞതോടെ മുംബൈ ബാറ്റർമാർ കൂടാരം കയറുകയായിരുന്നു. കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന മുംബൈയെ കേരള ബോളർമാർ എറിഞ്ഞിട്ടു. ഇരുവരും 4 വീതം വിക്കറ്റുകൾ വീഴ്ത്തി.
ആദ്യ ഇന്നിങ്സിൽ കേരളം 7 റൺസ് ലീഡ് വഴങ്ങിയിരുന്നു. 90 ഓവറിൽ 327 റൺസാണ് കേരളത്തിന്റെ വിജയലക്ഷ്യം. മൂന്നാം ദിനം കളി നിർത്തുമ്പോൾ 6 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 24 റൺസെന്ന നിലയിലാണ് കേരളം. രോഹൻ കുന്നുമ്മലും (12*) ജലജ് സക്സേനയുമാണ് (12*) ക്രീസിൽ. മത്സരം ഒരു ദിവസംകൂടി ശേഷിക്കേ വിജയപ്രതീക്ഷയോടെയാകും തിങ്കളാഴ്ച കേരളം ബാറ്റിങ് പുനരാരംഭിക്കുക. അവസാന ദിവസം 10 വിക്കറ്റ് ശേഷിക്കെ കേരളത്തിന് ജയിക്കാന്‍ 303 റണ്‍സ് കൂടി വേണം.
മൂന്നാംദിനം വിക്കറ്റ് നഷ്ടമില്ലാതെ 105 എന്ന നിലയിൽ കളി പുനരാരംഭിച്ച മുംബൈയ്ക്ക് ഓപ്പണർമാരുടെ വിക്കറ്റുകളാണ് ആദ്യ സെഷനിൽ നഷ്ടമായത്. ഒന്നാം വിക്കറ്റിൽ 148 റൺസ് ചേർത്ത ശേഷം ജെയ് ബിസ്തയാണ് ആദ്യം പുറത്തായത്. 100 പന്തിൽ 73 റൺസ് നേടിയ ബിസ്ത വിക്കറ്റ് കീപ്പർ സഞ്ജു സാംസണ് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു. എം.ഡി.നിധീഷിനാണ് വിക്കറ്റ്.
ഭുവൻ ലാൽവാനിയെ ശ്രേയസ് ഗോപാൽ ക്ലീൻ ബോൾഡാക്കി. 179 പന്തിൽ 1 സിക്സും 12 ഫോറും സഹിതം 88 റൺസാണ് താരത്തിന്റെ സമ്പാദ്യം. ക്യാപ്റ്റൻ അജിങ്ക്യ രാഹാനെ 65 പന്തുകൾ നേരിട്ടെങ്കിലും 16 റൺസ് മാത്രമേ സ്കോർ ചെയ്യാനായുള്ളൂ. സുവേദ് പാർക്കർ (14), പ്രസാദ് പവാർ (35), ഷാംസ് മുലാനി (30), മോഹിത് അവസ്തി (32) എന്നിവർക്കു മാത്രമേ പിന്നീട് രണ്ടക്കം കടക്കനായുള്ളൂ. ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചറി നേടിയ ശിവം ദുബെയെ ജലജ് സക്സേന സഞ്ജുവിന്റെ കൈകളിലെത്തിച്ചു. വെറും 1 റണ്ണാണ് താരത്തിന്റെ സമ്പാദ്യം.
തനുഷ് കൊട്ടിയാൻ (3), ധവാൽ കുൽക്കർണി (5), റോയ്സ്റ്റൻ ഡയസ് (0*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. സക്സേനയും ശ്രേയസും കേരളത്തിനായി 4 വീതം വിക്കറ്റുകൾ വീതം പിഴുതു. എം.ഡി.നിധീഷ് 2 വിക്കറ്റും സ്വന്തമാക്കി.