തിരുവനന്തപുരം: സ്പീക്കർ തെരഞ്ഞെടുപ്പ് ഓണം കഴിഞ്ഞ്. സ്പീക്കർ തെരഞ്ഞെടുപ്പിനായി ഈ മാസം പന്ത്രണ്ടിനോ പതിമൂന്നിനോ നിയസമഭ ചേരും. അന്തിമ തീയതി ഗവർണറുടെ അനുമതി പ്രകാരം തീരുമാനിക്കും. മന്ത്രിസഭയിൽ അംഗമാക്കാനുള്ള സിപിഎം തീരുമാനത്തെ തുടർന്ന് എംബി രാജേഷ് സ്പീക്കർ സ്ഥാനം ഇന്ന് രാജിവച്ചു.
ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിനാണ് രാജിക്കത്ത് കൈമാറിയത്. സിപിഎം സംസ്ഥാന സെക്രട്ടറി ചുമതല ഏറ്റെടുത്ത എംവി ഗോവിന്ദൻ രാജിവെച്ചതിനെത്തുടർന്നുള്ള ഒഴിവിലാണ് എംബി രാജേഷിനെ മന്ത്രിയാക്കുന്നത്.
ചൊവ്വാഴ്ച എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തൃത്താലയിൽ നിന്നുള്ള എംഎൽഎയാണ് എംബി രാജേഷ്.രാജേഷ് സ്പീക്കർ പദവി ഒഴിയുന്ന സാഹചര്യത്തിൽ സിപിഎമ്മിലെ എഎൻ ഷംസീർ പുതിയ സ്പീക്കറാകും. തലശ്ശേരിയിൽ നിന്നുള്ള ജനപ്രതിനിധിയാണ് ഷംസീർ.