തിരുവനന്തപുരം: സംസ്ഥാന വ്യവസായ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മുന്‍ ചീഫ്‌സെക്രട്ടറി ജിജിതോംസണിനെ പുറത്താക്കി.
വിദേശത്ത് സ്വകാര്യസന്ദര്‍ശനത്തിനിടെയാണ് ജിജിയുടെ സേവനം അവസാനിപ്പിച്ച് വ്യവസായവകുപ്പ് ഉത്തരവിറക്കിയത്. വ്യവസായവകുപ്പ് അഡി.ചീഫ്‌സെക്രട്ടറിയായിരുന്ന പി.എച്ച്.കുര്യന് ചെയര്‍മാന്റെ ചുമതല കൈമാറിയാണ് ഉത്തരവ്.
കുര്യനെ റവന്യൂ അഡി.ചീഫ്‌സെക്രട്ടറിയായി നിയമിച്ചതിനാല്‍ പകരമെത്തിയ പോള്‍ ആന്റണിക്ക് ചെയര്‍മാന്റെ ചുമതല ലഭിക്കും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഉപദേശകനായി കാബിനറ്റ് റാങ്കോടെ നിയോഗിക്കപ്പെട്ടിരുന്ന ജിജിതോംസണ്‍, പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ ഉപദേശക സ്ഥാനം രാജിവച്ചിരുന്നെങ്കിലും വ്യവസായവികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുകയായിരുന്നു.
മെത്രാന്‍കായല്‍, ഹോപ്പ് പ്ലാന്റേഷന്‍ അടക്കമുള്ള വിവാദ ഭൂമിദാനങ്ങളില്‍ റവന്യൂ വകുപ്പിനെ മറികടന്ന് തത്വത്തില്‍ അനുമതി നല്‍കാമെന്ന് ഉപദേശം നല്‍കിയത് ജിജിതോംസണായിരുന്നുവെന്നാണ് അറിയുന്നത്.
ഈ വിവാദ തീരുമാനങ്ങള്‍ മന്ത്രിസഭാ ഉപസമിതി പുന:പരിശോധിക്കുന്നതിനിടയിലും ചെയര്‍മാന്‍ സ്ഥാനത്തു തുടരാന്‍ ജിജിതോംസണ്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
തിരുവനന്തപുരത്തെ കെ.എസ്.ഐ.ഡി.സിയുടെ ആയൂര്‍വേദ വില്ലേജ് അടക്കമുള്ള പദ്ധതികളുമായി മുന്നോട്ടുപോകാന്‍ അനുവദിക്കണമെന്ന് ജിജിതോംസണ്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പാമോയില്‍ കേസില്‍ കുറ്റവിമുക്തനാക്കണമെന്ന ജിജിതോംസണിന്റെ അപേക്ഷ നിരസിച്ച സുപ്രീംകോടതി കേസില്‍ വിചാരണ തുടങ്ങാന്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിലെ പ്രധാന തസ്തികയില്‍ നിന്ന് ജിജിതോംസണിനെ ഒഴിവാക്കിയത്.
മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരിക്കേ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ നായര്‍ ഏറെക്കാലം കെ.എസ്.ഐ.ഡി.സി ചെയര്‍മാനമായിരുന്നു.
അദ്ദേഹത്തിനു ശേഷം 2015 ജൂണിലാണ് ജിജിതോംസണ്‍ ചെയര്‍മാനായത്. തന്നെ തുടരാന്‍ അനുവദിക്കണമെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജനോട് ജിജിതോംസണ്‍ അപേക്ഷിച്ചിരുന്നു.
എന്നാല്‍ ജിജിയുടെ അപേക്ഷ പരിഗണിക്കാതെ ഉടനടി പുറത്താക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.
ഗെയില്‍ പാചകവാതക പൈപ്പ്‌ലൈന്‍ പദ്ധതി, കൂടംകുളംകൊച്ചി ഹൈടെന്‍ഷന്‍ വൈദ്യുതിലൈന്‍ നിര്‍മ്മാണം,തലസ്ഥാനത്ത് വെള്ളപ്പൊക്കം ഇല്ലാതാക്കാനുള്ള ഓപ്പറേഷന്‍ അനന്ത, കഴക്കൂട്ടംമുക്കോല റോഡ് നവീകരണം അടക്കം 15 മെഗാപദ്ധതികള്‍ തിരഞ്ഞെടുപ്പ് കാലത്ത് മുടങ്ങാതിരിക്കാന്‍ അവയുടെ മേല്‍നോട്ടചുമതലയാണ് തനിക്ക് നല്‍കിയിട്ടുള്ളതെന്നായിരുന്നു ജിജിയുടെ വാദം.
നേരത്തേ ചീഫ്‌സെക്രട്ടറി പദവിയില്‍ ജിജിതോംസണിന് മൂന്നുമാസം കാലാവധി നീട്ടാന്‍ ഉമ്മന്‍ചാണ്ടി ശ്രമിച്ചെങ്കിലും ഐ ഗ്രൂപ്പ് എതിര്‍ത്തതോടെ ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
മുഖ്യവിവരാവകാശ കമ്മിഷണര്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സ്ഥാനങ്ങളിലേക്കും ജിജിതോംസണ്‍ ശ്രമം നടത്തിയെങ്കിലും തിരഞ്ഞെടുക്കപ്പെട്ടിരുന്നില്ല.