തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുപ്പിച്ച് കേരളത്തില്‍ വ്യാജ മദ്യദുരന്തം ഉണ്ടാകാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് നല്‍കിയത്.
ഇതേതുടര്‍ന്ന് സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. എക്സൈസ് കമ്മീഷണര്‍ക്കാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കാന്‍ രഹസ്യാന്വേഷണ വിഭാഗം നിര്‍ദേശം നല്‍കിയത്.
എക്സൈസ് പൊലീസ് വകുപ്പുകളെ ഏകോപിപ്പിച്ച് മദ്യദുരന്തം തടയാന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പിനോടു അനുബന്ധിച്ച് കേരളത്തില്‍ മദ്യദുരന്തത്തിന് സാധ്യതയുണ്ടെന്ന് കഴിഞ്ഞദിവസം ഉത്തരമേഖലാ എക്സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പിച്ചിരുന്നു.
അതിര്‍ത്തി കടന്നു വ്യാജമദ്യവും, സ്പിരിറ്റും ഒഴുകാനുള്ള സാധ്യത തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ എക്സൈസ് വകുപ്പ് തുടങ്ങിയതായി അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം പൂര്‍ണമായും നടപ്പാക്കുമെന്നും എക്സൈസ് കമ്മീഷണര്‍ പറഞ്ഞിരുന്നു.
പൊതുവെ തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മദ്യവും ലഹരിവസ്തുക്കളും സ്വര്‍ണവുമൊക്കെ കേരളത്തിലേക്കാണ് അതിര്‍ത്തി കടക്കുന്നത്. പ്രത്യേകിച്ച് തെരഞ്ഞെടുപ്പിനിടെയാണ് ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നത്.
സംസ്ഥാനത്ത് ബാറുകളില്ലാത്തതിനാല്‍ വ്യാജമദ്യവും സ്പിരിറ്റുമൊക്കെ കേരളത്തിലേക്ക് ഒഴുകാനുള്ള സാധ്യതയാണ് എക്സൈസ് വകുപ്പ് കാണുന്നത്.