വിലക്ക് നീങ്ങി : കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പഴം, പച്ചക്കറികളെത്തും

കുവൈറ്റ്‌സിറ്റി : കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഇനി കുവൈറ്റ് വിപണിയിലേക്ക് പഴം, പച്ചക്കറികള്‍ എത്തും. കേരളത്തില്‍നിന്ന് ശീതീകരിച്ചതും അല്ലാത്തതുമായ പഴങ്ങളും പച്ചക്കറികളും കൊണ്ടുവരുന്നതിനുള്ള വിലക്ക് തല്‍ക്കാലം തുടരുമെന്ന് ഭക്ഷ്യസുരക്ഷാ സമിതി അറിയിച്ചു.

നിപ വൈറസ് ഭീതിയെ തുടര്‍ന്ന് ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്ക് കുവൈറ്റ് മേയ് 31 മുതലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് വിലക്ക് നീക്കിയത്.

നിപ വൈറസ് ഭീതി പൂര്‍ണമായും മാറുമ്പോള്‍ കേരളത്തില്‍നിന്നുള്ള പച്ചക്കറി ഇറക്കുമതി വിലക്കും നീക്കും. കഴിഞ്ഞദിവസം ആരോഗ്യമന്ത്രാലയത്തിന്റെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിരുന്നു. മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മന്ത്രാലയം ഭക്ഷ്യവസ്തുക്കള്‍ നന്നായി കഴുകിയശേഷം മാത്രം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടു.

കേരളത്തില്‍നിന്ന് എത്തുന്ന യാത്രക്കാരുടെ ലഗേജില്‍നിന്ന് പഴങ്ങളും പച്ചക്കറികളും കുവൈറ്റ് വിമാനത്താവളത്തില്‍ എടുത്തുമാറ്റുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അവധിക്ക് നാട്ടില്‍പോയി തിരിച്ചുവന്ന നിരവധി പേര്‍ക്കാണ് ഇങ്ങനെ സാധനങ്ങള്‍ വിമാനത്താവളത്തില്‍ ഉപേക്ഷിക്കേണ്ടിവന്നത്.

Top