കേരളം ഹൈഡ്രജന്‍ ഫ്യുവലിലേക്ക് ചുവടുവെക്കുന്നു; സ്വന്തമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ നടപടി തുടങ്ങി

വാഹന ഇന്ധനമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്നതിന് കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ഫണ്ട് നീക്കിവെച്ചതിനു പിന്നാലെ വിശദമായ പദ്ധതിരേഖ തയ്യാറാക്കാനുള്ള ശ്രമമാണ് തുടങ്ങിയിരിക്കുന്നത്. ഇതോടെ സ്വന്തമായി ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുന്ന പ്രധാനകേന്ദ്രമായി കേരളം മാറുമെന്നാണ് വിലയിരുത്തല്‍. ഊര്‍ജവകുപ്പ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ എനര്‍ജി മാനേജ്മെന്റ് സെന്റര്‍ ഇതിനു നേതൃത്വം നല്‍കും. മൊത്തം ചുമതല അനര്‍ട്ടിനാണ്. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ ‘ഹൈഡ്രജന്‍ വാലി’ പദ്ധതിക്കായി തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലൊന്നാണ് കേരളം.

മന്ത്രാലയം ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 30 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കും അനുമതിയായി. പദ്ധതി നടപ്പാക്കുക വഴി സംസ്ഥാനത്ത് ഹൈഡ്രജന്‍ അധിഷ്ഠിത പരിസ്ഥിതി വ്യവസ്ഥ രൂപപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ ട്രാവന്‍കൂര്‍-കൊച്ചിന്‍ കെമിക്കല്‍സടക്കമുള്ള സ്ഥാപനങ്ങള്‍ ഹൈഡ്രജന്‍ നിര്‍മിക്കുന്നുണ്ട്. ഉപോത്പന്നമെന്ന നിലയിലാണ് നിര്‍മാണം. ഇവിടെ ബോയിലറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ഹൈഡ്രജന്‍ ഉപയോഗിക്കുന്നു. ഇവിടെനിന്നുള്ള ഹൈഡ്രജന്‍ ശുദ്ധീകരിച്ച് മൂല്യവര്‍ധിത ഉത്പന്നമാക്കി വാഹനങ്ങളില്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതിരേഖയാണ് എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍ തയ്യാറാക്കിയത്.

ഒരുകിലോ ഹൈഡ്രജന് 430 രൂപയാണ് നിലവിലെ വില. ഉത്പാദനം കൂടുന്നതനുസരിച്ച് വിലയില്‍ കുറവുണ്ടാകും. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ ഹൈഡ്രജന്‍ ഫില്ലിങ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ ചര്‍ച്ച കഴിഞ്ഞു. തുടര്‍ന്നുള്ള ഘട്ടത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയുടെ ബോട്ടുകള്‍ ഹൈഡ്രജന്‍ ഉപയോഗിച്ച് ഓടിക്കാനാണ് ആലോചന. ഇത്തരം ബോട്ടുകള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ വികസിപ്പിക്കുന്നുണ്ട്. അതിന്റെ ഫില്ലിങ് സ്റ്റേഷനും വൈറ്റിലയിലേതാകും.

ഹൈഡ്രജന്‍ ഉത്പാദനത്തിന് കേരളത്തിലെ ജലസ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്ത്, ഇന്ധനമായി ഹൈഡ്രജന്‍ ഉപയോഗിക്കുന്ന കപ്പലുകള്‍ ഭാവിയില്‍ എത്താനിടയുണ്ട്. ഉത്പാദനം കൂട്ടി വിഴിഞ്ഞത്തും ഫില്ലിങ് സ്റ്റേഷനുകള്‍ തുറക്കുന്നതിനെപ്പറ്റി ചര്‍ച്ച തുടങ്ങിയിട്ടുണ്ട്. ഇതോടെ വലിയ നിക്ഷേപസാധ്യതയുള്ള വ്യവസായമായി ഹൈഡ്രജന്‍ ഉത്പാദനം മാറ്റിയെടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Top