പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് കേരളം

ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷ നേരിട്ട് നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഓണ്‍ലൈനായി പരീക്ഷ നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

മോഡല്‍ പരീക്ഷയുടെ അടിസ്ഥനത്തില്‍ പ്ലസ് വണ്‍ മൂല്യനിര്‍ണയം നടത്താനാകില്ല. വീടുകളില്‍ ഇരുന്ന് കുട്ടികള്‍ എഴുതിയ മോഡല്‍ പരീക്ഷ മാനനണ്ഡമാക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളത്തില്‍ സാങ്കേതിക സര്‍വ്വകലാശാലയിലെ ബിടെക് പരീക്ഷക്ക് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നുവെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നു.

ഓണ്‍ലൈന്‍ പരീക്ഷ എന്ന നിര്‍ദേശവും നടപ്പാക്കുന്നത് പ്രതിസന്ധിയാണ്. ഇന്റര്‍നെറ്റ് സംവിധാനവും കമ്പ്യൂട്ടറും ഇല്ലാത്ത് പ്രതിസന്ധിയാണ്. ഈ ഒരു സാഹചര്യമുള്ളതിനാല്‍ പല കുട്ടികളും പരീക്ഷയില്‍ നിന്നും പുറത്താകുന്ന അവസ്ഥയുണ്ടാവും. അതിനാല്‍ കൊവിഡ് മാനദണ്ഡം പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണം എന്നും സംസ്ഥാനം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളും നടത്തിയതു ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. മറ്റന്നാളാണു കേസ് പരിഗണിക്കുന്നത്. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷ നടത്തിപ്പ് സെപ്റ്റംബര്‍ 13 വരെ സുപ്രീം കോടതി സ്‌റ്റേ ചെയ്ത സംഭവത്തിലാണ് സര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിച്ചത്.

Top