കേരളം കാട്ടിയ ജാഗ്രത മാതൃകാപരം, ചൈനക്ക് പിഴച്ചത് പ്രതിരോധത്തിൽ

തിജീവന രംഗത്ത് ലോകത്തിനു തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം, നിപ്പയെയും പ്രളയത്തെയും അതിജീവിച്ച് നാം അത് കാണിച്ചു കൊടുത്തിട്ടുമുണ്ട്.

ഇപ്പോള്‍ മറ്റൊരു മഹാദുരന്തത്തിന് പിടികൊടുക്കാതെ അതിജീവിക്കാനുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നുവരുന്നത്.

അര്‍പ്പണ ബോധമുള്ള സര്‍ക്കാരും, കര്‍മ്മനിരതരായ ഉദ്യോഗസ്ഥരും, പിന്തുണയ്ക്കാന്‍ ജനങ്ങളുമുണ്ടെങ്കില്‍, ഏത് വൈറസിനെയും ഓടിക്കാന്‍ നമുക്ക് കഴിയും. നിപ്പക്ക് കാരണക്കാരായ പഴം തീനി വവ്വാലുകള്‍ തന്നെയാണ് കൊറോണ വൈറസിനും കാരണമെന്ന റിപ്പോര്‍ട്ടുകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വുഹാനിലെ ഒരു മാര്‍ക്കറ്റാണ് വൈറസിന്റെ പ്രഭവ കേന്ദ്രമായി വിലയിരുത്തപ്പെടുന്നത്. മുന്‍പ് ചൈനയില്‍ ഭീതി പടര്‍ത്തിയ സാര്‍സ് വൈറസ് പടര്‍ന്നതും വവ്വാലുകളില്‍ നിന്നായിരുന്നു.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ‘സംസ്ഥാന ദുരന്തമായാണ്’ കേരളസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

കൂടുതല്‍ കര്‍ക്കശമായ നടപടികളിലേക്ക് കടക്കാന്‍ ഇതു വഴി ഇനി അധികൃതര്‍ക്ക് കഴിയും.

പുതിയ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത്, 10 ദിവസത്തിനു ശേഷമാണ് ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്. ഇത് വലിയ വീഴ്ചയായിപ്പോയെന്ന് ആ രാജ്യം തന്നെയിപ്പോള്‍ സമ്മതിച്ചിട്ടുണ്ട്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതില്‍ സംഭവിച്ച പാളിച്ച തുറന്ന് പറഞ്ഞത് ഭരണം നിയന്ത്രിക്കുന്ന സ്ഥിരം സമിതിയാണ്. അനധികൃത വന്യജീവി, വ്യാപാര കേന്ദ്രങ്ങളും വില്‍പനയും തടയാനും സമിതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൈനക്ക് പുറത്ത് ഫിലിപ്പന്‍സിലും ഹോങ്കോങ്ങിലും ഓരോ ആളുകള്‍ മരണപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ ഇതിനകം തന്നെ 3 വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ നിന്നും വന്ന 79 പേര്‍ക്കു കൂടി രോഗം ഉണ്ടാകാനുള്ള സാധ്യതയും ആശങ്കപ്പെടുത്തുന്നതാണ്.

ചൈനയില്‍ നിന്നും വന്ന ശേഷം സര്‍ക്കാറിനെ അറിയിക്കാതെ പുറത്തിറങ്ങി നടക്കുന്നവരാണ് യഥാര്‍ത്ഥത്തില്‍ അപകടകാരികള്‍. ഇവരെ കണ്ടെത്തി, പിടികൂടി ആശുപത്രിയിലെത്തിക്കാനാണ് സര്‍ക്കാറിപ്പോള്‍ ശ്രമിക്കുന്നത്.

ഉത്സവങ്ങളും ആഘോഷങ്ങളും ഉള്ള സ്ഥലങ്ങളില്‍ ഇത്തരം ആളുകള്‍ പോയാലുള്ള അവസ്ഥയെ കുറിച്ച് മന്ത്രി തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2239 പേരാണ് വിവിധ ജില്ലകളിലായി നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 84 പേര്‍ ആശുപത്രികളിലും 2155 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. വീണ്ടും അയച്ച 140 സാമ്പിളുകളില്‍ 46 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. ബാക്കിയുള്ളതാണിപ്പോള്‍ നെഞ്ചിടിപ്പേറ്റുന്നത്.

സര്‍ക്കാരും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാവുകയാണ് വേണ്ടത്.

കേരളം ഇപ്പോള്‍ സ്വീകരിച്ചത് പോലുള്ള ഒരു മുന്‍കരുതല്‍ സ്വീകരിക്കുന്നതിലാണ് ചൈനക്ക് വീഴ്ച പറ്റിയിരിക്കുന്നത്. അതാണ് മരണ സംഖ്യ വല്ലാതെ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

ഫെബ്രുവരി നാലിന് കാലത്ത് ലഭിച്ച കണക്കു പ്രകാരം 425 പേരാണ് ചൈനയില്‍ മരണപ്പെട്ടിരിക്കുന്നത്. രോഗം പടര്‍ന്നതാകട്ടെ 20,438 പേരിലേക്കുമാണ്. ഫെബ്രുവരി മൂന്നിന് മാത്രം 31 പ്രവിശ്യകളില്‍ നിന്നായി 3235 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 64 പേര്‍ ഒറ്റയടിക്ക് മരിച്ചതും ഫെബ്രുവരി മൂന്നിനാണ്. ചൈനയില്‍ 2788പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ്. 632 പേര്‍ മാത്രമാണ് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. 2,21,015 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,71,329 പേര്‍ ഇപ്പോഴും ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. അമ്പരപ്പിക്കുന്ന കണക്കുകളാണിത്. ഇന്ത്യ ഉള്‍പ്പെടെ 25 രാജ്യങ്ങളിലേക്കാണ് കൊറോണ വൈറസ് നിലവില്‍ ബാധിച്ചിരിക്കുന്നത്.

ചൈന കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. അതു കൊണ്ടു തന്നെ ജാഗ്രത കൂടുതല്‍ അനിവാര്യവുമാണ്.

കേരളത്തിന്റെ ഇക്കാര്യത്തിലെ ആത്മവിശ്വാസമാണ് യഥാര്‍ത്ഥത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളെ പോലും അത്ഭുതപ്പെടുത്തുന്നത്.

കൊലയാളി വൈറസിനെ തുരത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ഏറെ പ്രശംസിക്കപ്പെട്ടു കഴിഞ്ഞു.

നിപ്പയെ നേരിട്ട പോലെ തന്നെ ആരോഗ്യ മന്ത്രി നേരിട്ടാണ് എല്ലാറ്റിനും നേതൃത്വം കൊടുക്കുന്നത്.കൊറോണ വൈറസ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത തൃശൂരില്‍ കുതിച്ചെത്തിയാണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും മന്ത്രി നേതൃത്വം നല്‍കിയത്. ഇത് ഉദ്യോഗസ്ഥരിലും വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്.ജനങ്ങളോട് പരിഭ്രാന്തി വേണ്ട, എന്ന് പറയുമ്പോഴും ജാഗ്രത പാലിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും വൈറസ് ബാധ പ്രതീക്ഷിക്കണമെന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. കാര്യം നിസാരമല്ലന്ന് വ്യക്തം. കാസര്‍ഗോഡ് സ്വദേശിക്കു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിരിക്കുന്നത്.

തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശങ്ങള്‍ തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. അത് ഇവയൊക്കെയാണ്..

1. കൊറോണ വൈറസ് തടയുന്നതിന് വ്യക്തിശുചിത്വവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികള്‍ തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ സംഘടിപ്പിക്കണം.

2. രോഗലക്ഷണങ്ങളുള്ള വ്യക്തികള്‍ പൊതുസമ്പര്‍ക്കം ഒഴിവാക്കേണ്ടതാണ്. വ്യക്തി ശുചിത്വവുമായി ബന്ധപ്പെട്ട് ബോധവത്കരണത്തിനായി വിപുലമായ ക്യാമ്പയിന്‍ പൊതുജനങ്ങള്‍ ഒത്തുകൂടുന്ന എല്ലാസ്ഥലങ്ങളും കേന്ദ്രീകരിച്ച് നടത്തണം.

3. ജീവനക്കാര്‍, സന്ദര്‍ശകര്‍, രോഗികള്‍ തുടങ്ങി ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്ന എല്ലാവരും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ‘ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍’ നിര്‍ബന്ധമായും പാലിക്കണം. ഇതുസംബന്ധിച്ച പരിശീലനം, മാര്‍ഗനിര്‍ദേശങ്ങള്‍ എഴുതിപ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയ നടപടികള്‍ തദ്ദേശസ്ഥാപനതലത്തില്‍ തന്നെ സ്വീകരിക്കേണ്ടതാണ്.

4. സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍, ലാബുകള്‍, കണ്‍സള്‍ട്ടിംഗ് സെന്ററുകള്‍ തുടങ്ങി എല്ലാ സ്ഥലങ്ങളിലും ‘ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍ പ്രോട്ടോക്കോള്‍’ പാലിക്കുന്നുവെന്നും ഉറപ്പാക്കണം.

5. ലോകാരോഗ്യ സംഘടന പട്ടികപ്രകാരം കൊറോണ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങളില്‍ നിന്നെത്തുന്നവരുടേയും അവരുമായി അടുത്തിടപഴകുന്നവരുടെയും പട്ടിക തദ്ദേശസ്ഥാപനങ്ങള്‍ തയാറാക്കി, അവര്‍ക്ക് ആരോഗ്യവകുപ്പിന്റെ ഹോം ഐസൊലേഷന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കണം.

6. രോഗം റിപ്പോര്‍ട്ട് ചെയ്താല്‍ ആരോഗ്യവകുപ്പിന്റെ മാര്‍ഗരേഖ അനുസരിച്ചുള്ള ചികിത്സയും ഐസൊലേഷനും ഉറപ്പാക്കേണ്ടതാണ്.

7. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ കൊറോണ രോഗബാധിതര്‍ക്കു ചികിത്സ സത്വരമായി ലഭ്യമാക്കുന്നതിന് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ക്ക് കുറവുണ്ടാകാതെ ശ്രദ്ധിക്കണം.

8. രോഗം പകരുന്നത് തടയാനുള്ള സാധന സാമഗ്രികള്‍ രോഗിയുടെ കുടുംബത്തിന് ആവശ്യമെങ്കില്‍ വാങ്ങി നല്‍കേണ്ടതാണ്.

9. ഐസൊലേഷന് വിധേയമാകുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് ദൈനംദിന ജീവിത സഹായം ലഭ്യമാക്കേണ്ടതും ആവശ്യമാണ്.

10. പരിചരണത്തിന് സഹായിയെ ലഭ്യമാക്കേണ്ടിവന്നാല്‍ അതിനുള്ള ക്രമീകരണവും ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തുക തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടില്‍നിന്ന് ലഭ്യമാക്കാനും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സര്‍ക്കുലറില്‍ അനുമതി നല്‍കിയിട്ടുണ്ട്.

ശക്തമായ പ്രതിരോധ കവചമാണ് സര്‍ക്കുലറിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്.

സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകരെ സംബന്ധിച്ചും കൊറോണ വൈറസിപ്പോള്‍ ഒരു ചലഞ്ചാണ്.

പെട്ടന്ന് പടര്‍ന്ന് പിടിക്കുമെന്നതാണ് ഈ വൈറസിന്റെ പ്രത്യേകത. എന്നാല്‍ നിപ്പയെ നേരിട്ട നിശ്ചയദാര്‍ഢ്യം മുന്‍ നിര്‍ത്തി ഈ വൈറസിനെയും തുരത്തുമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

നിപ്പയില്‍ രോഗ വ്യാപനം തടഞ്ഞ്, മരണനിരക്ക് കുറക്കുന്നതില്‍ വലിയ വിജയമാണ് കേരളം നേടിയിരുന്നത്.

കൃത്യമായ പദ്ധതി തയ്യാറാക്കി, അത് പിഴവില്ലാതെ നടപ്പാക്കിയതിലൂടെയാണ് രോഗ വ്യാപന സാധ്യതകള്‍ പൂര്‍ണ്ണമായും തടയാനായിരുന്നത്.

ഈ കേരള മോഡലിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഡോക്ടര്‍മാര്‍ മുതല്‍ സാധാരണ ജനങ്ങള്‍ വരെയുണ്ട്. കൂട്ടായ പ്രവര്‍ത്തനമാണ് നിപ്പയെ അതിജീവിക്കാന്‍ സഹായിച്ചിരുന്നത്. എല്ലാറ്റിനും നേതൃത്വം കൊടുത്ത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും അര്‍ദ്ധരാത്രിയും സജീവമായിരുന്നു.

ഈ ജാഗ്രത തന്നെയാണ് ഇപ്പോഴേ കേരളം കാണിച്ച് തുടങ്ങിയിരിക്കുന്നത്. ഒരു മുഴം മുന്‍പേയുള്ള നീക്കമാണിത്. ജയിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു യുദ്ധത്തിന്റെ തയ്യാറെടുപ്പുകളാണ് അണിയറയില്‍ നടക്കുന്നത്. ആ കൊലയാളി വൈറസിനെ തുരത്താന്‍ ജനങ്ങളും ഇനി സര്‍ക്കാറിനൊപ്പം അണിനിരക്കണം. ജില്ലാ ഭരണകൂടങ്ങള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതോടൊപ്പം തന്നെ, ഭീതി പടര്‍ത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

Staff Reporter

Top