റായ്പൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഛത്തീസ്ഗഡിനെതിരെ കേരളം മികച്ച ലീഡിലേക്ക്. 38 റണ്‍സിന്റെ നിര്‍ണായക ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടിയ കേരളം നാലാം ദിനം 69-2 എന്ന സ്‌കോറിലാണ് ക്രീസിലിറങ്ങിയത്. നാലാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം നാലു വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തിട്ടുണ്ട്. 71 റണ്‍സുമായി സച്ചിന്‍ ബേബിയും 37 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനും ക്രീസില്‍. ആറ് വിക്കറ്റും രണ്ട് സെഷനും ബാക്കിയിരിക്കെ കേരളത്തിന് ഇപ്പോള്‍ 253 റണ്‍സിന്റെ ആകെ ലീഡുണ്ട്.
മത്സരത്തില്‍ രണ്ട് സെഷന്‍ മാത്രം 300 റണ്‍സിനപ്പുറമുള്ള വിജലക്ഷ്യം മുന്നോട്ടുവെച്ച് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാനായിരിക്കും കേരളം ശ്രമിക്കുക. ഈ സീസണില്‍ ഇതുവരെ ഒരു ജയം പോലും നേടാന്‍ കേരളത്തിനായിട്ടില്ല.ആദ്യ ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറി നേടിയ സഞ്ജുവിന് പക്ഷെ രണ്ടാം ഇന്നിംഗ്‌സില്‍ വലിയൊരു ഇന്നിംഗ്‌സ് കളിക്കാനായില്ല. രണ്ട് ഫോറും ഒരു സിക്‌സും പറത്തിയാണ് സഞ്ജു 25 പന്തിലാണ് 24 റണ്‍സടിച്ചത്. സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ മുഹമ്മദ് അസ്ഹറുദ്ദീന്‍ അതിവേഗം റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്.
നാലാം ദിനം വിഷ്ണു വിനോദിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 22 പന്തില്‍ 24 റണ്‍സെടുത്ത വിഷ്ണു വിനോദിനെ കേരളത്തിന്റെ സ്‌കോര്‍ 100 കടക്കും മുമ്പ് അജയ് മണ്ഡല്‍ ബൗള്‍ഡാക്കി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ അഞ്ചാമനായാണ് ക്രീസിലെത്തിയത്. രണ്ട് ഫോറും ഒരു സിക്‌സും അടിച്ച് സഞ്ജു നല്ല തുടക്കമിട്ട് സഞ്ജു പ്രതീക്ഷ നല്‍കിയെങ്കിലും അത് അധികം നീണ്ടില്ല. സഞ്ജുവിനെയും വീഴ്ത്തി അജയ് മണ്ഡല്‍ കേരളത്തിന് നാലം പ്രഹരമേല്‍പ്പിച്ചു.