പിടിമുറുക്കി കേരളം; ലീഡ് വഴങ്ങിയ ഛത്തീസ്‌ഗഢിന് രണ്ടാം ഇന്നിം​ഗ്സിലും മോശം തുടക്കം

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഛത്തീസ്‌ഗഢിനെതിരെ പിടിമുറുക്കി കേരളം. ഒന്നാം ഇന്നിം​ഗ്സ് ലീഡ് നേടിയ കേരളത്തിനെതിരെ ഛത്തീസ്‌ഗഢിന് രണ്ടാം ദിനം അവസാനിച്ചപ്പോൾ പത്ത് റൺസ് എടുക്കുന്നതിനിടയിൽ രണ്ട് വിക്കറ്റുകൾ നഷ്ടമായി. മൂന്ന് റൺസുമായി ക്യാപ്റ്റൻ ഹർപ്രീത് സിം​ഗ് ഭാട്ടിയയും ഏഴ് റൺസുമായി അമൻദീപ് ഖരെയുമാണ് ക്രീസിൽ. ഓപ്പണർമാരായ റിഷഭ് തിവാരിയും സനിധ്യ ഹുർക്കത്തും റൺസ് ഒന്നും ചേർക്കാതെയാണ് പുറത്തായത്.

ജലജ് സക്സേനയും വൈശാഖ് ചന്ദ്രനും ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി. നേരത്തെ, ഒന്നാം ഇന്നിം​ഗ്സിൽ 149 റൺസിനാണ് ഛത്തീസ്‌ഗഡ് പുറത്തായത്. കേരളത്തെ 311 റൺസിനാണ് ഛത്തീസ്‌ഗഡ് പുറത്താക്കിയത്. 162 റൺസിന്റെ ഒന്നാം ഇന്നിം​ഗ്സ് ലീഡ് നേടാൻ സാധിച്ചതോടെ മത്സരത്തിൽ മേൽക്കൈ നേടാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ് രണ്ടാംദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്.

ക്രീസിൽ ഉണ്ടായിരുന്ന സച്ചിൻ ബേബിയും രോഹൻ പ്രേമും താളം കണ്ടെത്തിയതോടെ കേരള സ്കോർ ബോർഡിലേക്ക് റൺസ് എത്തി. ആദ്യം രോഹനും പിന്നാലെ സച്ചിനും അര്‍ധ സെഞ്ചുറി നേടി. രോഹന്‍ പ്രേം 157 പന്തില്‍ 77 ഉം സച്ചിന്‍ ബേബി 171 പന്തില്‍ 77 ഉം റണ്‍സെടുത്താണ് മടങ്ങിയത്. ഇവരെ കൂടാതെ 46 റൺസെടുത്ത നായകൻ സഞ്ജു സാംസണ് മാത്രമാണ് കേരള നിരയിൽ പിടിച്ച് നിൽക്കാനായത്. ഛത്തീസ്‌ഗഡിന് വേണ്ടി സുമിത് രുയ്കർ മൂന്ന് വിക്കറ്റുകൾ നേടി.

നേരത്തെ, അഞ്ച് വിക്കറ്റ് നേടിയ ജലജ് സക്‌സേനയാണ് ഒന്നാം ഇന്നിംഗ്‌സില്‍ ഛത്തീസ്‌ഗഢിനെ തകര്‍ത്തത്. വൈശാഖ് ചന്ദ്രന്‍, സച്ചിന്‍ ബേബി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 40 റണ്‍സ് നേടിയ ഹര്‍പ്രീത് സിംഗ് ഭാട്ടിയയാണ് ഛത്തീസ്‌ഗഢിന്റെ ടോപ് സ്‌കോറര്‍. സാനിദ്ധ്യ ഹര്‍കത്(11), റിഷഭ് തിവാരി(8), അജയ് മണ്ഡല്‍(12), അമന്‍ദീപ് ഖരെ(0), ശശാങ്ക് സിംഗ്(2), സുമിത് റൂയ്‌കര്‍(17) എംഎസ്എസ് ഹുസൈന്‍(2), രവി കിരണ്‍(0), സൗരഭ് മജൂംദാര്‍(19), മായങ്ക് യാദവ് (29*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍.

Top