കേരള ജുഡീഷ്യല്‍ സര്‍വ്വീസിലെ വിവിധ തസ്തികകളുടെ പേര് മാറ്റാന്‍ കേരളം

തൃശൂര്‍: കേരള ജുഡീഷ്യല്‍ സര്‍വ്വീസിലെ വിവിധ തസ്തികകളുടെ പേര് മാറ്റാന്‍ കേരളം. ബുധനാഴ്ച തൃശൂര്‍ രാമനിലയത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഇതിനായി 1991-ലെ കേരള ജുഡീഷ്യല്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

പണം വെച്ചുള്ള ചൂതാട്ടങ്ങള്‍ക്കുള്ള ജി.എസ്.ടി. തീരുമാനിക്കുന്നതില്‍ വ്യക്തത വരുത്തിക്കൊണ്ട് സംസ്ഥാന ജി.എസ്.ടി. നിയമ ഭേദഗതിക്കായി ഓര്‍ഡിനന്‍സ് കൊണ്ടുവരാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കസീനോ, കുതിരപ്പന്തയം, ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയ്ക്ക് 28 ശതമാനം ജി.എസ്.ടി. ചുമത്താന്‍ 58-ാമത് ജി.എസ്.ടി. കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു.നികുതി ചുമത്തേണ്ടത് പന്തയത്തിന്റെ മുഖവിലയ്ക്കാണെന്നും തീരുമാനിച്ചു. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ജി.എസ്.ടി. നിയമഭേദഗതി വരുത്തി വിജ്ഞാപനം ചെയ്തിരുന്നു. ഇതനുസരിച്ചുള്ള ദേദഗതിയാണ് സംസ്ഥാന ജി.എസ്.ടി. നിയമത്തില്‍ കൊണ്ടുവരുന്നത്. മറ്റ് സംസ്ഥാനങ്ങളും നിയമത്തില്‍ ഭേദഗതി വരുത്തുന്നുണ്ട്.

മുന്‍സിഫ്-മജിസ്ട്രേറ്റ്, സബ്ജഡ്ജ് / ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്നീ തസ്തികകളുടെ പേരാണ് മാറ്റുന്നത്. മുന്‍സിഫ്-മജിസ്ട്രേറ്റ് എന്നത് സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) എന്നും സബ് ജഡ്ജ് / ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എന്നത് സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) എന്നുമാണ് പേരുമാറ്റുക. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഈ മാറ്റം.ഓണ്‍ലൈന്‍ ഗെയിമിങ്, കാസിനോ, കുതിരപ്പന്തയം തുടങ്ങിയ പണം വച്ചുള്ള പന്തയങ്ങളുമായി ബന്ധപ്പെട്ട് നിലവില്‍ ജി.എസ്.ടി. നിയമത്തിലുണ്ടായിരുന്ന ചില അവ്യക്തതകള്‍ നീക്കുന്നതിനുളള വ്യവസ്ഥകളും ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തും. ഭേദഗതികള്‍ക്ക് 2023 ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യം നല്‍കിയായിരിക്കും ഓര്‍ഡിനന്‍സ് ഇറക്കുക.

 

Top