പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെ കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം

കൊച്ചി: പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെയും സ്‌കൂളില്‍ പ്രവേശനം നേടാത്ത ആറിനും 14നും ഇടയില്‍ പ്രായമുള്ള കുട്ടികളെയും കണ്ടെത്തി പൊതുവിദ്യാലയങ്ങളിലെത്തിക്കാന്‍ സമഗ്രശിക്ഷ കേരളം ഒരുങ്ങുന്നു. പ്രായത്തിനും പഠനനിലവാരത്തിനുമനുസരിച്ച് സമീപത്തെ പൊതുവിദ്യാലയത്തിലായിരിക്കും ഇവര്‍ക്ക് പ്രവേശനം നല്‍കുക. പ്രത്യേക സെന്ററുകളില്‍ പ്രത്യേക പരിശീലനവും ലഭ്യമാകും. പദ്ധതിക്കായി 189.94 ലക്ഷം രൂപയാണ് എസ്എസ്‌കെ വകയിരുത്തിയത്.

അതിഥിത്തൊഴിലാളികളുടെ മക്കള്‍ക്കും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കും ഈ പദ്ധതി കൂടുതല്‍ ഗുണം ചെയ്യും. വിവിധ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും തദ്ദേശവകുപ്പ് പ്രതിനിധികളുടെയും സഹായത്തോടെയാകും കുട്ടികളെ കണ്ടെത്തുക. സ്‌കൂള്‍ തുറക്കുന്നതോടെ കുട്ടികളെ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമാകും.

ഓരോ ജില്ലയിലും കണ്ടെത്തുന്ന കുട്ടികളുടെ എണ്ണമനുസരിച്ചാണ് പരിശീലനത്തിനുള്ള പ്രത്യേക സെന്ററുകള്‍ ഒരുക്കുന്നത്. സെന്ററുകളിലെ പരിശീലനത്തിന് സന്നദ്ധ പ്രവര്‍ത്തകരെയും നിയമിക്കും. കുട്ടികള്‍ കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും പരിശീലനം. സ്‌കൂള്‍ അധ്യാപകരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും. അധ്യയന സമയത്തിന് പുറമെ ദിവസം ഒന്നരമണിക്കൂറെങ്കിലും ഇവരെ പരിശീലിപ്പിക്കണം. പരിശീലനം ആരംഭിക്കുന്നതിനു മുമ്പ് കുട്ടികളുടെ പഠനനിലവാരം കണ്ടെത്താന്‍ പ്രീ ടെസ്റ്റ് നടത്തും. ഇതിനനുസരിച്ചാകും തുടര്‍ പരിശീലനം.

സംസ്ഥാനത്താകെ 3164 കുട്ടികള്‍ക്ക് 136 സെന്ററിലായി പരിശീലനം നല്‍കാനുള്ള ഫണ്ടാണ് അനുവദിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികളെ പ്രതീക്ഷിക്കുന്ന ഇടുക്കി (1020), എറണാകുളം (949), വയനാട് (902), മലപ്പുറം (139) എന്നീ ജില്ലകളില്‍ യഥാക്രമം 25, 30, 60, 15 സെന്ററുകളാണ് അനുവദിച്ചിരിക്കുന്നത്. പത്തനംതിട്ട (17), കോട്ടയം (23), കോഴിക്കോട് (16), കണ്ണൂര്‍ (36) എന്നീ ജില്ലകളില്‍ ഓരോ സെന്ററും പാലക്കാട് (40) രണ്ട് സെന്ററും ഉണ്ടാകും. കുട്ടികള്‍ കുറവുള്ള തിരുവനന്തപുരം (10), കൊല്ലം (ആറ്), കാസര്‍ഗോഡ് (ആറ്) എന്നീ ജില്ലകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാകും പരിശീലനം നല്‍കുക.

Top