കുട്ടികളിലെ ന്യുമോണിയ തടയാനുള്ള സൗജന്യ വാക്‌സീന്‍ വിതരണം ഒക്ടോബര്‍ ഒന്നുമുതല്‍

തിരുവനന്തപുരം: കുട്ടികളിലെ ന്യുമോണിയ ബാധ തടയാനായുള്ള വാക്‌സീന്‍ വിതരണം ഒക്ടോബര്‍ ഒന്നുമുതല്‍ സംസ്ഥാനത്ത് ആരംഭിക്കും. കേന്ദ്ര പദ്ധതിയുടെ ഭാഗമായി ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സീന്‍ 3 ഡോസായി ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണു നല്‍കുക. ഗുരുതര ന്യുമോണിയയ്ക്കു കാരണമാകുന്ന ന്യൂമോകോക്കല്‍ ബാക്ടീരിയയെ പ്രതിരോധിക്കാനാണിത്.

ഇപ്പോള്‍ കുട്ടികള്‍ക്കു പ്രതിരോധ കുത്തിവയ്പുകള്‍ ലഭിക്കുന്ന എല്ലാ സെന്ററുകളിലൂടെയും വാക്‌സീന്‍ സൗജന്യമായി നല്‍കും. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി 2017 മുതല്‍ 5 സംസ്ഥാനങ്ങളില്‍ വിതരണമുള്ള വാക്‌സിനേഷന്റെ ഭാഗമാകുകയാണ് ഇതോടെ കേരളവും.

ഒന്നര മാസം ആയ കുട്ടികള്‍ക്കാണ് ആദ്യം കുത്തിവയ്‌പെടുക്കുക. പിഎച്ച്‌സി, സിഎച്ച്‌സി, താലൂക്ക് ആശുപത്രി തുടങ്ങി കുട്ടികള്‍ക്കു വാക്‌സീന്‍ നല്‍കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം കുത്തിവയ്പിന് അവസരമുണ്ടാകും.

മൂന്നര, ഒന്‍പത് മാസപ്രായപരിധിയിലാണ് അടുത്ത ഡോസുകള്‍ എടുക്കേണ്ടത്. കോവിഡ് മൂന്നാം തരംഗം കുട്ടികളെ കൂടുതല്‍ ബാധിച്ചേക്കുമെന്നതിനാല്‍, ന്യുമോണിയ ബാധ തടയാനുള്ളതാണു കുത്തിവയ്പ്. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും.

Top