തിരുവനന്തപുരം: ഡിജിപി തസ്തികയിലിരുന്ന് വിലസിയ നാല് ഐപിഎസ് ഉദ്യോഗസ്ഥര്‍ ഉടന്‍ എഡിജിപിമാരാകും.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വഴിവിട്ട് ഉദ്യോഗക്കയറ്റം നല്‍കിയ ഡിജിപിമാരായ എ ഹേമചന്ദ്രന്‍, എന്‍ ശങ്കര്‍ റെഡ്ഡി, രാജേഷ് ദിവാന്‍, മുഹമ്മദ് യാസിന്‍ എന്നിവരാണ് തിരിച്ച് എഡിജിപിമാരായി മാറുന്നത്.
സര്‍ക്കാരിന്റെ വിവേചന അധികാരമുപയോഗിച്ചാണ് ഇവരെ യുഡിഎഫ് സര്‍ക്കാര്‍ പ്രമോട്ട് ചെയ്തിരുന്നത്. ആറ് മാസത്തേക്ക് ഇതിന് കേന്ദ്രത്തിന്റെ അനുമതി പോലും ആവശ്യമില്ലായിരുന്നു.
ഇനി ഈ സാഹചര്യം തുടരേണ്ടതില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
ഇക്കാര്യത്തില്‍ ഉടന്‍ സര്‍ക്കാര്‍ ഉത്തരവുണ്ടാകുമെന്നാണ് സൂചന.
മുന്‍പ് വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ പോളിനെയും ഫയര്‍ ഫോഴ്‌സ് മേധാവിയായിരുന്ന ചന്ദ്രശേഖരനെയും ഇത്തരത്തില്‍ വഴിവിട്ട് സര്‍ക്കാര്‍ ഉദ്യോഗകയറ്റം നല്‍കിയതിനെ കേന്ദ്രം എതിര്‍ത്തിരുന്നു. അക്കൗണ്ടന്റ് ജനറല്‍ ഇവര്‍ക്ക് ഡിജിപി തസ്തികയിലുള്ള ശമ്പളം നല്‍കുന്നതിനെയും തടഞ്ഞിരുന്നു.
ഇതിന് സമാനമായ സാഹചര്യമാണ് ഡിജിപിമാരായി ഉയര്‍ത്തപ്പെട്ട ഈ നാല് ഉദ്യോഗസ്ഥര്‍ക്കും നേരിടേണ്ടി വന്നത്. അക്കൗണ്ട് ജനറലിന്റെ ശക്തമായ ഉടക്കിനെ തുടര്‍ന്ന് ഇവര്‍ക്കിപ്പോഴും എഡിജിപിയുടെ ശമ്പളം മാത്രമാണ് ലഭിക്കുന്നത്. ശമ്പളം കൂടുതലായി ലഭിച്ചില്ലെങ്കിലും ഡിജിപി റാങ്ക് കിട്ടിയ സന്തോഷത്തിലായിരുന്നു ഈ ഉദ്യോഗസ്ഥര്‍.
ഇടത്പക്ഷം അധികാരത്തില്‍ വന്നയുടനെ നടന്ന സ്ഥലമാറ്റത്തില്‍ ഈ നാല് ഉദ്യോഗസ്ഥരെയും മാറ്റി നിയമിച്ചിട്ടുണ്ടെങ്കിലും ഡിജിപി പദവിയുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പത്തിന്റെ ഭാഗമായി ആരും ചാര്‍ജ്ജെടുത്തിരുന്നില്ല. സംസ്ഥാന ഇന്റലിജന്‍സ് മേധാവിയായ ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സിലേക്കും വിജിലന്‍സ് ഡയറക്ടറായിരുന്ന എന്‍ ശങ്കര്‍ റെഡ്ഡിയെ എസ്. സി ആര്‍ ബിയിലേക്കും നിയമിക്കാനായിരുന്നു തീരുമാനം.
യുഡിഎഫ് സര്‍ക്കാരിന്റെ ഗുഡ് ലിസ്റ്റിലുണ്ടായിരുന്ന ഈ രണ്ട് ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി നടത്തിയ ഉദ്യോഗ കയറ്റമാണ് രാജേഷ് ദിവാനും മുഹമ്മദ് യാസിനും തുണയായിരുന്നത്.
ഇടത് സര്‍ക്കാരിന്റെ പുതിയ നിലപാടോടെ അപൂര്‍വ്വമായ ഒരു സാഹചര്യമാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെടുന്നത്.
പൊലീസിനെ സംബന്ധിച്ച് ഒരു ദിവസത്തെ സീനിയോറിറ്റിയുള്ള ഉദ്യോഗസ്ഥരെ പോലും അതേ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ തന്നെ സല്യൂട്ടടിക്കുന്നതാണ് കീഴ്‌വഴക്കം.
ഇവിടെ ഇന്ന് വരെ ഡിജിപി പദവിയിലിരുന്നവര്‍ തിരിച്ച് എഡിജിപിയാകുന്ന അവസ്ഥ ഉദ്യോഗസ്ഥരെ സംബന്ധിച്ച് നാണക്കേട് തന്നെയാണ്.
ഇനി സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐപിഎസ് ഓഫീസറായ ടി പി സെന്‍കുമാര്‍ 2017 ജൂണില്‍ വിരമിക്കുന്ന ഒഴിവിലാണ് നാല് പേരില്‍ സീനിയറായ ഹേമചന്ദ്രന് ഡിജിപിയാവാന്‍ കഴിയുക.
നിലവില്‍ സംസ്ഥാനത്തുള്ള രണ്ട് കേഡര്‍ ഡിജിപിമാരില്‍ കേന്ദ്രത്തിന്റെ അംഗീകാരം സെന്‍കുമാറിനും ജേക്കബ് തോമസിനും മാത്രമാണ്.
എക്‌സ് കേഡര്‍ തസ്തികയിലാണ് ഇപ്പോഴും സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മറ്റൊരാള്‍ എക്‌സൈസ് കമ്മീഷണറായ ഋഷിരാജ് സിംഗാണ്.
സാധാരണ ഗതിയില്‍ സംസ്ഥാന പൊലീസ് മേധാവി കേഡര്‍ തസ്തികയിലാണ് വരേണ്ടത്. സീനിയറായ സെന്‍കുമാറിനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് സിഎടിയില്‍ നല്‍കിയ ഹര്‍ജിയിലെ തീരുമാനമാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാവുക. കേന്ദ്ര സര്‍ക്കാരാകട്ടെ സീനിയര്‍ ഐപിഎസുകാരന്‍ കേഡര്‍ തസ്തികയില്‍ ഇരിക്കണമെന്ന അഭിപ്രായത്തിലുമാണ്.
ലോക് നാഥ് ബഹ്‌റയ്ക്ക് 2021 വരെയും ജേക്കബ് തോമസിന് 2020 വരെയും സര്‍വ്വീസ് ഇനി ബാക്കിയുണ്ട്. ഋഷിരാജ് സിംഗും 2021 ലാണ് വിരമിക്കുന്നത്.
ഈ മൂവര്‍ സംഘത്തിന് ദീര്‍ഘനാള്‍ സര്‍വ്വീസ് അവശേഷിക്കുന്നത് ഡിജിപി പദവി സ്വപ്നം കാണുന്ന മറ്റ് സീനിയര്‍ എഡിജിപിമാര്‍ക്കും തിരിച്ചടിയാണ്.