ദില്ലി: സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് എതിരെ സിപിഐ പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം. കേരള ഘടകമാണ് വിമര്‍ശനം ഉന്നയിച്ചത്. ദേശീയ തലത്തില്‍ നേതൃത്വം അലസത കാണിക്കുന്നുവെന്ന് പി പ്രസാദ് ആരോപിച്ചു. നേതൃപദവിയിൽ ഇരിക്കുന്നവർ ഉത്തരവാദിത്തം കാണിക്കണം. പദവികൾ അലങ്കാരമായി കൊണ്ടുനടക്കരുത്. യുദ്ധം തോൽക്കുമ്പോൾ സേനാ നായകർ പദവി ഒഴിഞ്ഞ ചരിത്രമാണുള്ളതെന്നും കേരള ഘടകം വ്യക്തമാക്കി. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണമെന്ന് പാർട്ടി കോണ്‍ഗ്രസില്‍ സിപിഐ കേരളം ഘടകം ആവശ്യമുയർത്തി. കോണ്‍ഗ്രസ് സഹകരണത്തില്‍ സിപിഎമ്മിനെ പോലെ ഒളിച്ച് കളി ഒഴിവാക്കണമെന്നും കേരള ഘടകം ചർച്ചയിൽ പറഞ്ഞു.
2024 ലോക്‍സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ ബദല്‍ സഖ്യത്തില്‍ വ്യക്ത വേണമെന്ന ആവശ്യമാണ് കേരളം ഘടകം ഉയർത്തിയത്. കേരളത്തില്‍ നിന്ന് രാഷ്ട്രീയ പ്രമേയത്തില്‍ രാജാജി മാത്യു തോമസും മന്ത്രി പി പ്രസാദും 20 മിനിറ്റ് സംസാരിച്ചു. ദേശീയതലത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസും ഇടതുപാർട്ടികളും ഉൾപ്പെട്ട സഖ്യം വേണമെന്ന് ആവശ്യപ്പെട്ട കേരള ഘടകം സിപിഎമ്മിനെ പോലെ ഒളിച്ചുകളി വേണ്ടെന്ന് വ്യക്തമാക്കി. കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെന്ന നിലപാട് എടുത്തിട്ടുണ്ടെങ്കിലും ധാരണയാകാമെന്നും സംസ്ഥാനങ്ങളില്‍ സഹകരിക്കാമെന്നുമുള്ള സിപിഎം നിലപാടിനെയാണ് സിപിഐ കേരള ഘടകം വിമർശിച്ചത്.