ചെന്നിത്തലയെ ‘പൂട്ടാൻ’ ത്രിമൂർത്തികൾ, എല്ലാ നീക്കങ്ങളും ആന്റണിക്ക് വേണ്ടി ?

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. മുല്ലപ്പള്ളി, സുധീരന്‍, മുരളീധരന്‍ ത്രിസഖ്യത്തിന്റെ നേതൃത്വത്തിലാണ് കരുനീക്കം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പൊളിച്ചെഴുതുന്ന നീക്കമാണിത്.

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ മുഖ്യമന്ത്രിയുമായി വേദിപങ്കിട്ട് സംയുക്ത സമരം നടത്തിയതിനാണ് ചെന്നിത്തലയെ മൂന്നുപേരും പ്രതികൂട്ടിലാക്കുന്നത്. കോണ്‍ഗ്രസ് അണികളുടെ വ്യാപകമായ പിന്തുണയും ഇതിന് ലഭിക്കുന്നുണ്ട്.

യു.ഡി.എഫ് ഘടകകക്ഷികളില്‍ മുസ്‌ലിം ലീഗുമാത്രമാണ് ചെന്നിത്തലയെ പിന്തുണയ്ക്കുന്നത്. മറ്റെല്ലാ ഘടക കക്ഷികളും മുല്ലപ്പള്ളിയുടെ നിലപാടിനൊപ്പമാണ്. സ്വന്തം ഐ ഗ്രൂപ്പിന്റെ പോലും പൂര്‍ണപിന്തുണ ചെന്നിത്തലക്ക് ഇതുവരെ ലഭിച്ചിട്ടില്ല. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സിവേണുഗോപാല്‍ പാര്‍ട്ടി നിലപാട് കെ.പി.സി.സി പ്രസിഡന്റ് പറയുമെന്ന അടവുനയമാണ് സ്വീകരിച്ചിരിക്കുന്നത്.

സംയുക്ത സമരം വേണ്ടെന്നതാണ് പാര്‍ട്ടി നിലപാടെന്ന് മുല്ലപ്പള്ളി വീണ്ടും വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
കോണ്‍ഗ്രസ് പ്രക്ഷോഭരംഗത്ത് സജീവമായതും ഈ നിലപാടിനെ തുടര്‍ന്നാണ്. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹ്‌നാനും ചെന്നിത്തലയെ തള്ളിയതോടെ ലീഗിന്റെ പിന്തുണയില്‍ മാത്രമാണിപ്പോള്‍ ചെന്നിത്തല പിടിച്ചു നില്‍ക്കുന്നത്.

ആര്‍.എസ്.പി, കേരള കോണ്‍ഗ്രസ് അടക്കമുള്ള മറ്റു ഘടകകക്ഷികളെല്ലാം യോജിച്ച സമരം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഘടകകക്ഷികളുമായി കൂടിയാലേചന നടത്താതെയാണ് പ്രതിപക്ഷ നേതാവ് സംയുക്ത സമരത്തിന് പോയതെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.

ചെന്നിത്തലയുടെ നിലപാടിനെതിരെ പരസ്യമായി തന്നെ ശക്തമായ നിലപാടാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റുമാരായ വി.എം സുധീരനും കെ. മുരളീധരവും സ്വീകരിച്ചിരിക്കുന്നത്. ഐ ഗ്രൂപ്പില്‍ നിന്നും വി.ഡി സതീശനടക്കമുള്ള ചുരുക്കം പേരെ ചെന്നിത്തലയെ സംരക്ഷിക്കാനെത്തിയിട്ടുള്ളൂ എന്നതും ശ്രദ്ധേയമാണ്.

ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും മോചിതനായ ഉമ്മന്‍ ചാണ്ടി കേരളരാഷ്ട്രീയത്തില്‍ സജീവമാവുകയാണെന്ന സൂചന നല്‍കിയാണ് കെ.പി.സി.സി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനം നടത്തിയിരിക്കുന്നത്. ലീഗിന്റെ ഇപ്പോഴത്തെ ചെന്നിത്തല സ്‌നേഹത്തില്‍ എ വിഭാഗത്തിനും ആശങ്കയുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ അഞ്ചാം മന്ത്രി വിവാദത്തില്‍ ലീഗിനെതിരെ നിലപാടെടുത്ത ചെന്നിത്തല അന്ന് ലീഗ് നേതൃത്വത്തിന്റെ കണ്ണിലെ കരടായിരുന്നു.

ചെന്നിത്തലക്ക് ആഭ്യന്തര മന്ത്രിസ്ഥാനത്തിനായി എന്‍.എസ്.എസ് നേതൃത്വം പരസ്യമായി രംഗത്തെത്തിയതിലും ലീഗിന് അതൃപ്തിയുണ്ടായിരുന്നു. അടുത്തയിടെവരെ പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉമ്മന്‍ ചാണ്ടി മടങ്ങിയെത്തണമെന്ന നിലപാടാണ് ലീഗ് സ്വീകരിച്ചിരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തേക്കില്ലെന്ന കടുത്ത നിലപാട് സ്വീകരിച്ചിരുന്നത്. അനുകൂലമായ രാഷ്ട്രീയ സാഹചര്യമുണ്ടായിട്ടും സര്‍ക്കാരിനെ പ്രതികൂട്ടിലാക്കാന്‍ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ലെന്ന ആരോപണം യു.ഡി.എഫില്‍ ശക്തമായിരിക്കുമ്പോഴാണ് സംയുക്ത സമരത്തില്‍ പാര്‍ട്ടിയിലെ എതിര്‍പ്പിനിടയിലും ലീഗിന്റെ പിന്തുണ ചെന്നിത്തലക്കിപ്പോള്‍ കരുത്തായിരിക്കുന്നത്.

ലീഗ് പിന്തുണയില്‍ അടുത്ത മുഖ്യമന്ത്രി കസേര ഉറപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം മുന്നോട്ടു പോകുന്നത്. ഐ ഗ്രൂപ്പിലെ ഭൂരിപക്ഷത്തെ ഒപ്പം നിര്‍ത്താനും ചെന്നിത്തല കരുക്കള്‍ നീക്കുന്നുണ്ട്. അതേസമയം മുരളീധരനും വേണുഗോപാലും സ്വന്തം നിലക്ക് ഒരു കുറുമുന്നണിയും ഐ ഗ്രൂപ്പില്‍ തുടങ്ങിയിട്ടുണ്ട്. ഇതാണിപ്പോള്‍ ചെന്നിത്തല അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി.

കെ.പി.സി.സി പുനസംഘടനയില്‍ ചെന്നിത്തലയുമായി ഇടഞ്ഞ മുല്ലപ്പള്ളിയെ പിന്തുണക്കുന്ന നിലപാടാണ് എ ഗ്രൂപ്പ് പൊതുവെ സ്വീകരിച്ചിരിക്കുന്നത്. ഭാരവാഹികളുടെ എണ്ണം കുറച്ച് കാര്യപ്രാപ്തിയുള്ളവരെ ഭാരവാഹികളാക്കണമെന്ന മുല്ലപ്പള്ളിയുടെ കടുംപിടുത്തം വെട്ടിയാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് ഭാരവാഹികളുടെ എണ്ണം നൂറിനടുത്താക്കിയിരിക്കുന്നത്.

എല്‍.എമാരെയും എം.പിമാരെയും ഭാരവാഹികളാക്കേണ്ടെന്ന മുല്ലപ്പള്ളിയുടെ നിര്‍ദ്ദേശം ഉമ്മന്‍ ചാണ്ടി പിന്നീട് മുഖവിലക്കെടുത്തെങ്കിലും, ചെന്നിത്തല വഴങ്ങിയിരുന്നില്ല. കെ.സുധാകരനും വി.ഡി സതീശനും എ.പി അനില്‍കുമാറുമടക്കം ഒരുപിടി ജനപ്രതിനിധികളെയാണ് ചെന്നിത്തല ഐ ഗ്രൂപ്പ് നോമിനികളാക്കി
നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഇതോടെ ജനപ്രതിനിധികളെ ഭാരവാഹിത്വത്തിലേക്ക് നിര്‍ദ്ദേശിക്കാന്‍ എഗ്രൂപ്പും നിര്‍ബന്ധിതമാകുകയായിരുന്നു. ഗ്രൂപ്പും സമുദായ സമവാക്യവുമെല്ലാം പരിഗണിച്ച് കഴിഞ്ഞതോടെ ഭാരവാഹികളുടെ എണ്ണം നൂറായി മാറിയിട്ടുണ്ട്. ഈ ജംബോ പട്ടികയില്‍ ഹൈക്കമാന്റ് കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചിരിക്കുന്നത്.

ജനറല്‍ സെക്രട്ടറിമാരും സെക്രട്ടറിമാരുമടക്കമുള്ള 63 ഭാരവാഹികളാണ് നിലവില്‍ കെ.പി.സി.സിക്കുള്ളത്. ഇവരില്‍ പലരും നിര്‍ജീവവുമാണ്. ഗ്രൂപ്പ് നോമിനികളായി ഭാരവാഹികളായ ഇവര്‍ പാര്‍ട്ടി പദവി അലങ്കാരമായി കൊണ്ടുനടക്കുന്നവരുമാണ്.

എം.എല്‍.എമാരെയും എം.പിമാരെയും പാര്‍ട്ടി ഭാരവാഹികളാക്കുന്നതിനെതിരെയും ജംബോ പട്ടികക്കുമെതിരെ മുല്ലപ്പള്ളി ശക്തമായ നിലപാട് സ്വീകരിച്ചതോടെ ഭാരവാഹിപട്ടികക്ക് ഹൈക്കമാന്റും ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. പട്ടിക വെട്ടിക്കുറക്കണമെന്ന നിര്‍ദ്ദേശമാണ് എ.ഐ.സി.സി നല്‍കിയിരിക്കുന്നത്.

ഇപ്പോഴത്തെ അവസ്ഥവെച്ച് കോണ്‍ഗ്രസ് പുനസംഘടന നടന്നാല്‍ അത് വലിയ തമ്മിലടിക്ക് തന്നെയാകും കാരണമാവുക. മുല്ലപ്പള്ളിയും സുധീരനും മുരളീധരനുമെല്ലാം തങ്ങളുടേതായ നോമിനികളുടെ ലിസ്റ്റും എഐസിസിക്ക് കൈമാറിയിട്ടുണ്ട്.

AK-Antony

AK-Antony

മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ.കെ ആന്റണിയുടെ മനസറിയുന്ന നേതാക്കളാണ് മുല്ലപ്പള്ളിയും വി.എം സുധീരനും. രണ്ടു പേരെയും കെ.പി.സി.സി പ്രസിഡന്റാക്കുന്നതില്‍ ആന്റണിയുടെ പങ്ക് നിര്‍ണായകമായിരുന്നു. കോണ്‍ഗ്രസില്‍ മടങ്ങിയെത്തിയ കെ. മുരളീധരന് വട്ടിയൂര്‍ക്കാവ് സീറ്റ് നേടിക്കൊടുത്തതും ആന്റണിയാണ്. അതുകൊണ്ടു തന്നെ മൂന്നു പേരുടേയും നീക്കങ്ങള്‍ക്ക് രാഷ്ട്രീയമാനങ്ങള്‍ ഏറെയാണ്. അത് ആന്റണിയുടെ തിരിച്ച് വരവിന് കളമൊരുക്കുന്നതിന് വേണ്ടിയാകാനും സാധ്യത കൂടുതലാണ്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തിനായി ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, കെ.സി വേണുഗോപാല്‍, തുടങ്ങിയ നേതാക്കള്‍ കച്ചകെട്ടിക്കഴിഞ്ഞു. അന്റണി മടങ്ങിവന്നില്ലെങ്കില്‍ ഒരു കൈ നോക്കാന്‍ മുല്ലപ്പള്ളിക്കും ആഗ്രഹമുണ്ട്.

ലോക്സഭാ തെരെഞ്ഞടുപ്പില്‍ ഇരുപതില്‍ 19 സീറ്റിലെ വിജയം എന്ന ചരിത്ര നേട്ടത്തില്‍ നിന്നും ഉപതെരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റുകള്‍ കൈവിട്ട അവസ്ഥയാണ് കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നിരിക്കുന്നത്. ഇടതുപക്ഷത്തിനാകട്ടെ പിണറായിയുടെ നേതൃത്വത്തില്‍ ഭരണത്തുടര്‍ച്ചക്ക് സാധ്യതയെന്ന വികാരം ഉയര്‍ത്താനും ഇതിനകം കഴിഞ്ഞിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ ഉയര്‍ന്ന പ്രക്ഷോഭത്തിന്റെ നേതൃത്വം സി.പി.എമ്മാണ് കയ്യടക്കി വച്ചിരിക്കുന്നത്. ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണച്ച ന്യൂനപക്ഷ വിഭാഗം ഇടതിനെ പിന്തുണയ്ക്കുന്ന കാഴ്ചയാണ് നിലവില്‍ കാണുന്നത്. സംയുക്ത സമരത്തിന് മുഖ്യമന്ത്രി വിളിച്ചപ്പോള്‍ ചെന്നിത്തല എത്തിയതും ഇടതുപക്ഷത്തിനാണ് രാഷ്ട്രീയ നേട്ടമായിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലന്ന് പറഞ്ഞ് കയ്യടി നേടാനും പിണറായിക്ക് കഴിഞ്ഞു. എസ്.എഫ്.ഐ മുതല്‍ ഡി.വൈ.എഫ്.ഐ വരെ എല്ലാ ഇടത് സംഘടനകളും പ്രക്ഷോഭ രംഗത്ത് സജീവവുമാണ്. യു.ഡി.എഫ് അനുകൂല സംഘടനകള്‍ നിര്‍ജീവമായ ഘട്ടത്തില്‍ നിരത്തുകള്‍ കീഴടക്കിയത് ഈ ഇടതുപക്ഷ പ്രവര്‍ത്തകരായിരുന്നു. ഇനി ഇടതുപക്ഷം പ്രഖ്യാപിച്ച മനുഷ്യ ചങ്ങല കൂടി കഴിയുന്നതോടെ ഇടതിന്റെ നില കൂടുതല്‍ ഭദ്രമാകും.

കുട്ടനാട്ടില്‍ അടുത്ത് തന്നെ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവപ്പ് മേധാവിത്വം തുടരുന്നത് യു.ഡി.എഫിന് വലിയ തിരിച്ചടിയാണുണ്ടാക്കുക.

ഇവിടെ വിജയിച്ചില്ലങ്കില്‍ പോലും വോട്ടിലെങ്കിലും മുന്നേറ്റമുണ്ടാക്കേണ്ടത് യു.ഡി.എഫിന് അനിവാര്യമാണ്.

പ്രവര്‍ത്തിക്കാത്ത പ്രതിപക്ഷം എന്ന ചീത്തപ്പേരാണ് വട്ടിയൂര്‍ക്കാവിലും കോന്നിയിലും കോണ്‍ഗ്രസ്സ് നേരിട്ടിരുന്നത്. ഇത് തന്നെയാണ് കുട്ടനാട്ടിലും നേരിടാന്‍ പോകുന്നതും. ചൂണ്ടി കാണിക്കാന്‍ പറ്റാവുന്ന ഒരു നല്ല പ്രക്ഷോഭവും ഇടപെടലും ഇതുവരെ പ്രതിപക്ഷത്തിന്റെ അടുത്ത് നിന്നും ഉണ്ടായിട്ടില്ല. നടത്തിയതാകട്ടെ എല്ലാം പൂര്‍ണ്ണ പരാജയവുമായിരുന്നു. ചെന്നിത്തലയുടെ നേതൃത്വം കോണ്‍ഗ്രസ്സുകാര്‍ തന്നെ ചോദ്യം ചെയ്യുന്നതും അതുകൊണ്ടുതന്നെയാണ്.

പൗരത്വ വിഷയത്തില്‍ ആദ്യം തന്നെ പ്രക്ഷോഭത്തിന് ഇറങ്ങാമായിരുന്നു എന്ന അഭിപ്രായമാണ് യു.ഡി.എഫില്‍ നിലവിലുള്ളത്. ഇപ്പോള്‍ നടത്തുന്ന സമരങ്ങള്‍ ചുവപ്പിന്റെ നിഴലില്‍ മങ്ങിപ്പോകുന്നു എന്ന അഭിപ്രായം മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ തന്നെ ശക്തമാണ്.

Political Reporter

Top