ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

exam

തിരുവനന്തപുരം: കൊവിഡ് 19 വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ സര്‍വകലാശാല മാര്‍ച്ച് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. തിയറി, പ്രാക്ടിക്കല്‍ ഉള്‍പ്പെടെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനം.

അരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലുള്ള മുഴുവന്‍ ഡോക്ടര്‍മാരെയും പിജി വിദ്യാര്‍ഥികളെയും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ചികിത്സാ പ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗപ്പെടുത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

സി.ബി.എസ്.ഇ.യുടെ 10, 12 ക്ലാസ് പരീക്ഷ, യു.ജി.സി., എ.ഐ.സി.ടി.ഇ., നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിങ്, ജെ.ഇ.ഇ. മെയിന്‍ പരീക്ഷകളും കേന്ദ്ര നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു.

അതേസമയം, നിലവില്‍ കേരളത്തില്‍ എസ്എസ്എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുമെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

കണ്ണൂര്‍, എംജി, കേരള സര്‍വ്വകലാശാല പരീക്ഷകള്‍ക്കും മാറ്റമില്ല. സംസ്ഥാനത്തെ മറ്റ് സര്‍വകലാശാലകളുടെ പരീക്ഷകളില്‍ മാറ്റമില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍ വ്യക്തമാക്കി.

Top