മാര്‍ക്ക് ദാനം; വിവരങ്ങള്‍ നല്‍കാതെ യൂണിവേഴ്‌സിറ്റികള്‍, വിദേശത്തുള്ളവരെ ‘വരെ’ പൊക്കാന്‍ നോര്‍ക്ക

തിരുവനന്തപുരം: മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ടവരുടെ വിവരങ്ങള്‍ നല്‍കണമെന്ന നോര്‍ക്കയുടെ നിര്‍ദേശത്തിന് പുല്ലുവില കല്‍പിച്ച് എംജി, കേരള യൂണിവേഴ്‌സിറ്റികള്‍. ഒന്നില്‍ കൂടുതല്‍ തവണയാണ് നോര്‍ക്ക രേഖാമൂലം വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ യൂണിവേഴ്‌സിറ്റികളുടെ ഭാഗത്തു നിന്ന് തണുപ്പന്‍ പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് നോര്‍ത്ത നല്‍കുന്ന വിവരം.

അതേസമയം വിവരങ്ങള്‍ രേഖാമൂലം നല്‍കാനാകില്ലന്ന് എംജി യൂണിവേഴ്‌സിറ്റി അറിയിച്ചതായും സൂചനയുണ്ട്. വിവരങ്ങള്‍ വെബ് സൈറ്റില്‍ നിന്ന് എടുക്കാനും നേര്‍ക്കയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനര്‍ഹമായി ബിരുദം നേടിയവരുടെ വിവരം ലഭിച്ചില്ലെങ്കില്‍ വിദേശ ജോലി തേടുന്നവരുടെ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍ മുടങ്ങുമെന്ന് നോര്‍ക്ക അറിയിച്ചിട്ടുണ്ട്.
കേരള, എംജി സര്‍വകലാശാലകളിലെ മാര്‍ക്ക് ദാനങ്ങളില്‍ ഇടപെട്ട നോര്‍ക്ക അനധികൃതമായി ബിരുദം നേടിയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഉടന്‍ തിരിച്ച് വാങ്ങണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലകള്‍ക്ക് കത്ത് നല്‍കിയിരുന്നു. സാധുവല്ലാത്ത ബിരുദ സര്‍ട്ടിഫിക്കറ്റുമായി വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്കെതിരെ നോര്‍ക്ക ഇതിനോടകം നടപടി തുടങ്ങി.

120ല്‍ കൂടുതല്‍ ആളുകളാണ് എംജി സര്‍വ്വകലാശാല മാര്‍ക്ക് ദാനത്തിലൂടെ ബി.ടെക് പരീക്ഷ പാസായത്. കേരള യൂണിവേഴ്‌സിറ്റിയില്‍ 30കോഴ്‌സുകളിലായി 727 പേരുടെ മാര്‍ക്കില്‍ തിരിമറി നടന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 390 പേര്‍ സര്‍ട്ടിഫിക്കറ്റുകള്‍ കരസ്ഥമാക്കി.വിദേശത്തു ജോലിക്ക് പോകേണ്ടവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്‌സാണ്.

Top