തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയിലെ ചോദ്യപേപ്പര്‍ വിവാദത്തില്‍ പരീക്ഷാ കണ്‍ട്രോളറോട് വിശദീകരണം തേടി വൈസ് ചാന്‍സലര്‍. വെള്ളിയാഴ്ച്ച നടന്ന ബിഎ ഹിസ്റ്ററി പരീക്ഷയില്‍ മുന്‍വര്‍ഷത്തെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതാണ് വിവാദമായത്. വീഴ്ച്ച വരുത്തിയ അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് വി സി ഡോ. മോഹനന്‍ കുന്നുമ്മല്‍ അറിയിച്ചു.
ചോദ്യങ്ങള്‍ തയ്യാറാക്കിയപ്പോഴും സൂക്ഷ്മ പരിശോധന നടത്തിയപ്പോഴും അധ്യാപകര്‍ക്ക് വീഴ്ച്ച സംഭവിച്ചുവെന്നാണ് വിലയിരുത്തല്‍. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും റദ്ദാക്കിയ പരീക്ഷകള്‍ ഉടന്‍ നടത്തുമെന്നും വി സി മോഹനന്‍ കുന്നുമ്മല്‍ അറിയിച്ചു. കഴിഞ്ഞമാസം മൂല്യനിര്‍ണയവുമായി ബന്ധപ്പെട്ടും സര്‍വ്വകലാശാലക്കെതിരെ പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യം പരിഗണിച്ച് പരീക്ഷ സംവിധാനം കൂടുതല്‍ സമഗ്രമാക്കാനാണ് സര്‍വ്വകലാശാല ആലോചിക്കുന്നത്. വിസിയുടെ നേതൃത്വത്തില്‍ ഇതിനുള്ള പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചു.
ബിഎ ഹിസ്റ്ററി അഞ്ചാം സെമസ്റ്റര്‍ പരീക്ഷയിലാണ് 2022ലെ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു വന്നത്. വിവരം പുറത്തായതോടെ വെള്ളിയാഴ്ച്ചയിലെ പരീക്ഷയും തുടര്‍പരീക്ഷകളും സര്‍വ്വകലാശാല റദ്ദാക്കി. ഭൂരിഭാഗം ചോദ്യങ്ങളും ആവര്‍ത്തിച്ചത് ഗുരുതര പിഴവെന്നാണ് സര്‍വ്വകലാശാലയുടെ വിലയിരുത്തല്‍. സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ പരീക്ഷ കണ്‍ട്രോളറോട് വൈസ് ചാന്‍സലര്‍ ആവശ്യപ്പെട്ടു.