സാമൂഹിക അകലമില്ല; കേരള സര്‍വ്വകലാശാല സ്‌പോട്ട് അഡ്മിഷന്‍ മാറ്റിവച്ചു

തിരുവനന്തപുരം: കൊവിഡ് മാനദണ്ഡം പാലിക്കാത്തതിനാല്‍ കേരള സര്‍വകലാശാല സ്‌പോട്ട് അഡ്മിഷന്‍ നിര്‍ത്തിവെച്ചു. സ്‌പോട്ട് അഡ്മിഷനു വന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അടക്കം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ തടിച്ചു കൂടുകയായിരുന്നു. പുതിയ തിയതി പിന്നീട് അറിയിക്കാമെന്ന് കേരള സര്‍വകലാശാല അറിയിച്ചു.

ബിഎ, ബിഎസ് സി, ബികോം കോഴ്‌സുകളിലേക്കായിരുന്നു കേരള സര്‍വകലാശാലയുടെ സ്‌പോട്ട് അഡ്മിഷന്‍. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ ഒഴികെയുളളവരെയും ഒരേ ദിവസം വിളിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്.

രാവിലെ 8 മുതല്‍ 10 വരെയായിരുന്നു രജിസ്‌ട്രേഷന്‍ സമയം. തിരക്ക് നിയന്ത്രണാതീതമായതോടെ ബിഎസ്‌സിക്കാരുടെ അഡ്മിഷന്‍ ഉച്ചത്തേക്ക് മാറ്റി. അതോടെ ദൂരെ നിന്ന് വന്നവരടക്കം തിരിച്ചുപോകാതെ സര്‍വകലാശാലയില്‍ തന്നെ കാത്തിരിക്കേണ്ട ഗതികേടിലായി. നേരത്തെ കൊളേജുകളില്‍ തന്നെയായിരുന്നു സ്‌പോട്ട് അഡ്മിഷന്‍ നടപടികള്‍ നടത്തിയിരുന്നത്.

എന്നാല്‍, ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ വന്നതോടെയാണ് നടപടികള്‍ സര്‍വകലാശാലയിലേക്ക് മാറ്റിയത്. ജനറല്‍ കാറ്റഗറിക്കാരുടെ അഡ്മിഷനായതുകൊണ്ടാണ് തിരക്ക ഉണ്ടായതെന്നും കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്കായി അടുത്ത ദിവസം സമയം അനുവദിച്ചിട്ടുണ്ടെന്നുമാണ് സര്‍വകലാശാല അധികൃതരുടെ വിശദീകരണം.

Top