മാർക്ക് ദാന വിവാദം ; വിദഗ്ധ സമിതി ഇന്ന് സിൻഡിക്കേറ്റിന് റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം : മാർക്ക് ദാന വിവാദം കേരളസർവകലാശാല സിൻഡിക്കേറ്റ് ഇന്ന് പരിശോധിക്കും. സർവകലാശാല എടുക്കേണ്ട നടപടികളാകും സിൻഡിക്കേറ്റ് ചർച്ച ചെയ്യുക.

കാര്യവട്ടം ക്യാമ്പസിലെ സൈക്കോളജി വിഭാഗത്തിലെ അധ്യാപകനെതിരെ വിദ്യാർത്ഥികൾ നൽകിയ പരാതിയും സിൻഡിക്കേറ്റ് പരിഗണിക്കും. ഇന്ന് ചേരുന്ന സിൻഡിക്കറ്റ് റിപ്പോർട്ടിനു മേൽ നടപടി സ്വീകരിച്ചേക്കും. പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയ ക്രൈംബ്രാഞ്ച് ഉടൻ കേസെടുക്കുമെന്നാണ് സൂചന.

അസി. പ്രൊഫസര്‍ ഡോ. ജോൺസൺ മോശമായി പെരുമാറുന്നുവെന്നാരോപിച്ച് വിദ്യാർത്ഥികൾ നൽകിയ പരാതിയിൽ സിൻഡിക്കേറ്റ് കമ്മീഷന്‍റെ റിപ്പോർട്ട് യോഗം പരിഗണിക്കും.

മാർക്ക് തട്ടിപ്പിന്റെ വഴി, വ്യാപ്തി, കാരണക്കാർ എന്നിവയാണ് മൂന്നംഗ വിദഗ്ദ സമിതി അന്വേഷിച്ചത്. പരീക്ഷാ സേഫ്റ്റവെയറും മൂന്ന് വർഷത്തെ രേഖകളും സംഘം പരിശോധിച്ചു. സോഫ്റ്റ് വെയർ തകരാറാണോ ബോധപൂർവമുള്ള തിരുത്തലുകളാണോ എന്നാണ് പ്രധാനമായും പരിശോധിച്ചത്.

സോഫ്റ്റവെയറിൽ തകരാറുണ്ടെന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പലർക്കും അനധികൃതമായി പ്രവേശിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഏതൊക്കെ ലോഗിനുകളിൽ കൂടിയാണ് തിരുത്തലുകൾ വരുത്തിയതെന്ന് പിശോധനയിൽ വ്യക്തമായി. പരീക്ഷാ വിഭാഗത്തിന് പുറമെ തട്ടിപ്പിൽ കമ്പ്യൂട്ടർ സെന്ററിന്റെ പങ്കും അന്വേഷിച്ചിട്ടുണ്ട്. സംഘത്തിന്റെ വിശദമായ റിപ്പോർട്ടാണ് സിൻഡിക്കേറ്റ് ചർച്ച ചെയ്യുക.

ഡോ ജോൺസണെ പുറത്താക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ ഇന്ന് സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. ഉന്നതവിദ്യാഭ്യാസമന്ത്രിക്കും കുട്ടികൾ പരാതി നൽകിയിട്ടുണ്ട്.

Top