സുരക്ഷിത വിനോദസഞ്ചാര കേന്ദ്രങ്ങളൊരുക്കി കേരളം; വൈത്തിരിയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായി : പി എ മുഹമ്മദ് റിയാസ്

വയനാട്: കേരളത്തെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കിമാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. വയനാട് വൈത്തിരിയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയായി.

സമ്പൂര്‍ണ വാക്‌സിനേഷന്‍ പ്രവര്‍ത്തനമാരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ് വൈത്തിരി. ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 4837 പേര്‍ക്കാണ് ആദ്യഡോസ് വാക്‌സിന്‍ നല്‍കിയത്. ഹോട്ടല്‍, റിസോര്‍ട്ട്, ഹോംസ്‌റ്റെ, സര്‍വീസ്ഡ് വില്ല ജീവനക്കാര്‍, ഓട്ടോ തൊഴിലാളികള്‍, ടാക്‌സി െ്രെഡവര്‍മാര്‍, ടൂറിസ്റ്റ് ഗൈഡുകള്‍, പോര്‍ട്ടര്‍മാര്‍, കച്ചവടക്കാര്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കി.

ടൂറിസം അതിജീവന പദ്ധതിയുടെ ഭാഗമായാണ് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് വിനോദസഞ്ചാര മേഖലകളില്‍ സമ്പൂര്‍ണ്ണ വാക്‌സിനേഷന്‍ പ്രവര്‍ത്തനം നടത്തുന്നത്. സംസ്ഥാനത്തെ മുഴുവന്‍ ഡെസ്റ്റിനേഷനുകളും പൂര്‍ണമായി വാക്‌സിനേറ്റ് ചെയ്യും.

കോവിഡ് വ്യാപനം ഏറ്റവുമധികം ദോഷകരമായി ബാധിച്ച മേഖലയാണ് ടൂറിസമെന്നും സമ്പൂര്‍ണ വാക്‌സിനേഷനിലൂടെ സഞ്ചാരികളെ ആകര്‍ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വൈത്തിരിയില്‍ ഒരാഴ്ച കൊണ്ടാണ് സമ്പൂര്‍ണ വാക്‌സിനേഷന്‍ നടപ്പിലാക്കിയത്. ഇക്കാര്യത്തില്‍ മുന്‍കയ്യെടുത്ത ആരോഗ്യവകുപ്പ് മന്ത്രിയെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രത്യേകം അഭിനന്ദിക്കുന്നു. അടുത്തതായി വയനാട് മേപ്പാടിയിലും തുടര്‍ന്ന് മൂന്നാര്‍, തേക്കടി, ഫോര്‍ട്ട് കൊച്ചി, കുമരകം, കോവളം, വര്‍ക്കല തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും സുരക്ഷിത ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സന്നദ്ധ സംഘടനയായ ഡോക്ടേഴ്‌സ് ഫോര്‍ യൂ വിന്റെ കൂടി സഹകരണത്തോടെയാണ് വൈത്തിരിയില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ യജ്ഞം നടപ്പിലാക്കിയത്. മൂന്ന് മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റുകളാണ് ഡോക്ടേഴ്‌സ് ഫോര്‍ യൂ അനുവദിച്ചത്. വയനാട് ജില്ലയിലെ മറ്റ് കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ നടത്തുന്നതിനും ഈ മൊബൈല്‍ യൂണിറ്റുകളുടെ സേവനം ലഭിക്കും. പള്‍സ് എമര്‍ജന്‍സി ടീം കേരളയുടെ സന്നദ്ധ പ്രവര്‍ത്തകരും സേവന രംഗത്തുണ്ട്. വാക്‌സിനേഷന്‍ യജ്ഞത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും വളണ്ടിയര്‍മാര്‍ക്കും വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.ടി.ഒ) സൗജന്യ ഉച്ച ഭക്ഷണം നല്‍കിയിരുന്നു.

കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വൈത്തിരിയെ സുരക്ഷിത വിനോദസഞ്ചാര മേഖലയാക്കിയ എല്ലാവരെയും മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേകം അഭിനന്ദിച്ചു.

Top