രാഷ്ട്രീയ പ്രബുദ്ധതയുടെ കാര്യത്തില്‍ മാത്രമല്ല, രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളാടും നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും ഉള്ള കമ്മിറ്റ്‌മെന്റിന്റെ കാര്യത്തിലും കേരളമാണ് രാജ്യത്തിനു മാതൃക. ബി.ജെ.പിക്ക് മുന്‍ എം.എല്‍.എ ആയ അബ്ദുള്ളക്കുട്ടിയെ കിട്ടിയെങ്കിലും എം.എല്‍.എ ആയ മറ്റൊരു പാര്‍ട്ടിയിലെ നേതാവിനെയും അടര്‍ത്തിയെടുക്കാന്‍ ഇതുവരെ കേരളത്തില്‍ സാധിച്ചിട്ടില്ല. ആകെ ഉണ്ടായിരുന്ന എം.എല്‍.എ സീറ്റും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായ ഇടതു കൊടുങ്കാറ്റില്‍ കടപുഴകി വീഴുകയാണ് ഉണ്ടായത്. അത്തരമൊരു സംസ്ഥാനത്താണിപ്പോള്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് ബി.ജെ.പി മുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിരിക്കുന്നത്. രാഷ്ട്രീയ കേന്ദ്രങ്ങളെ ആകെ ഞെട്ടിച്ച സംഭവമാണിത്. ബി.ജെ.പി ദേശീയ നേതൃത്വത്തെയും അപ്രതീക്ഷിതമായ ഈ പിന്തുണ അമ്പരപ്പിച്ചിട്ടുണ്ട്. എങ്ങനെ ഇതു സംഭവിച്ചു എന്നതാണ് രാഷ്ട്രിയ കേരളമിപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. രാഷ്ട്രിയ പാര്‍ട്ടികള്‍ ആഭ്യന്തര പരിശോധന നടത്തുന്നുണ്ടെങ്കിലും രഹസ്യ വോട്ടെടുപ്പ് ആയതിനാല്‍ കണ്ടു പിടിക്കുക പ്രയാസമാണ്.
140 വോട്ടും യശ്വന്ത് സിന്‍ഹയ്ക്ക് ലഭിക്കുമെന്ന് കരുതിയ കേരളത്തില്‍ നിന്ന് ഒരു വോട്ട് ദ്രൗപദി മുര്‍മുവിന് ലഭിച്ചത് 139 വോട്ടിന്റെ മൂല്യമാണെന്നാണ് ബി.ജെ.പി പ്രതികരിച്ചിരിക്കുന്നത്.കേരളത്തില്‍ മൊത്തം 140 നിയമസഭാംഗങ്ങളും 140 വോട്ടുകളുമാണുള്ളത്. എന്നാല്‍, ഇക്കുറി പാലക്കാട്ട് ചികിത്സയില്‍ കഴിയുന്ന ഉത്തര്‍പ്രദേശിലെ അപ്നാദളിന്റെ ഒരു എം.എല്‍.എ.യും,തിരുനെല്‍വേലിയില്‍ നിന്നുള്ള ഒരു എം.പി.യും കേരളത്തിലാണ് വോട്ട് ചെയ്തിരിക്കുന്നത്. ഈ രണ്ട് വോട്ടുകളും അതാത് സംസ്ഥാനങ്ങളുടെ വോട്ടുകള്‍ക്കൊപ്പം ഉള്‍പ്പെടുത്തിയാണ് എണ്ണിയിരിക്കുന്നത്.
കേരളത്തിലെ ഒരു എം.എല്‍.എയുടെ വോട്ട് മൂല്യം 152 ആണ്. ഇതു കൂടി ചേര്‍ന്നതോടെ മുര്‍മുവിന്റെ വിജയത്തിന് തിളക്കമേറെയാണ്. തീര്‍ച്ചയായും, ഇന്ത്യയുടെ രാഷ്ട്രപതിയാവാന്‍ എല്ലാ യോഗ്യതയും ഉള്ള ആള്‍ തന്നെയാണ് ദ്രൗപദി മുര്‍മു. ഇക്കാര്യത്തില്‍ ബി.ജെ.പിയുടെ സെലക്ഷനും സൂപ്പറാണ്. അക്കാര്യത്തില്‍ സംശയവുമില്ല. അതു കൊണ്ടാണ് പ്രതിപക്ഷ ചേരിയില്‍ ഉള്‍പ്പെടെ ഭിന്നിപ്പുണ്ടാക്കി മികച്ച വിജയം നേടാന്‍ സാധിച്ചിരിക്കുന്നത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിനെയും ഒരു രാഷ്ട്രീയ പോരാട്ടമായി തന്നെയാണ് ഭരണപക്ഷത്തെപ്പോലെ തന്നെ പ്രധാന പ്രതിപക്ഷ പാര്‍ട്ടികളും നോക്കി കണ്ടിരിക്കുന്നത്. അതു കൊണ്ടാണ് യശ്വന്ത് സിന്‍ഹയെ മുര്‍മുവിനെതിരെ അവര്‍ മത്സരിപ്പിച്ചിരുന്നത്. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയില്‍പ്പോലും വ്യക്തമായ ഏകീകരണമുണ്ടാക്കാന്‍ ആ സഖ്യത്തിനു സാധിച്ചിട്ടില്ല. ദ്രൗപദി മുര്‍മുവിന്റെ ഭൂരിപക്ഷവും അതാണ് ചൂണ്ടിക്കാട്ടുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ എന്തൊക്കെ മറിമായം സംഭവിച്ചാലും കേരളത്തിലെ 140 വോട്ടുകളും യശ്വന്ത് സിന്‍ഹ ഉറപ്പിച്ചിരുന്നു. കേരളത്തിലെ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയ ബോധമാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തിന് അടിസ്ഥാനമായിരുന്നത്.
ദ്രൗപദി മുര്‍മു പോലും ഒരു വോട്ട് കേരളത്തില്‍ നിന്നും പ്രതീക്ഷിച്ചിരുന്നില്ലന്നതും ഒരു യാഥാര്‍ത്ഥ്യമാണ്. ഈ കണക്ക് കൂട്ടലുകളാണ് വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ പൊളിച്ചടുക്കപ്പെട്ടിരിക്കുന്നത്. കേരള നിയമസഭയിലെ ഒരംഗം ബി.ജെ.പി മുന്നണി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തു കഴിഞ്ഞു. അത് ആരായാലും ബി.ജെ.പിയെ സംബന്ധിച്ച് ഏറെ ആത്മവിശ്വാസം പകരുന്ന ഘടകം തന്നെയാണ്. ഉത്തരേന്ത്യന്‍ മോഡലില്‍ കേരളത്തില്‍ നിന്നും ജനപ്രതിനിധികളെ അടര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണിത്. രാജ്യത്തെ ബഹു ഭുരിപക്ഷം സംസ്ഥാനങ്ങളും വന്‍ ഭൂരിപക്ഷത്തില്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ്സ് ഭരണം ഇന്ന് കേവലം രണ്ടു സംസ്ഥാനങ്ങളില്‍ മാത്രമായി ഒതുങ്ങിയിരിക്കുന്നത് ഖദര്‍ മിന്നല്‍ വേഗത്തില്‍ കാവിയണിഞ്ഞതു കൊണ്ടു മാത്രമാണ്. കേരളത്തില്‍ പ്രതിപക്ഷ ചേരിയില്‍ നിന്നും ഒരു സിറ്റിംങ് എം.എല്‍.എയെ പോലും അടര്‍ത്തിയെടുക്കാന്‍ മോദി രാജ്യം ഭരിച്ച് 10 വര്‍ഷമാകാറായിട്ടും ഇതുവരെ കഴിഞ്ഞിട്ടില്ല. കാവി രാഷ്ട്രിയത്തിനെതിരായ കേരളത്തിന്റെ ആ പൊതുവികാരത്തിനേറ്റ പ്രഹരം തന്നെയാണ് ഈ വോട്ട് ചോര്‍ച്ച. കളം മാറ്റി ചവിട്ടിയത് ആരാണ് എന്നതാണ് ഇനിയുള്ള ചോദ്യം.
നിയമസഭയില്‍ സ്വതന്ത്ര എം.എല്‍.എ എന്നു വേണമെങ്കില്‍ പറയാവുന്നത് വടകര എം.എല്‍.എ.. കെ.കെ രമയെയാണ്. യു.ഡി.എഫ് പിന്തുണയോടെയാണ് അവര്‍ വിജയിച്ചിരിക്കുന്നത്. സഭയില്‍ യു.ഡി.എഫ് അംഗങ്ങള്‍ക്ക് അനുവദിച്ച സമയം പോലും ഉപയോഗപ്പെടുത്തി ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായ രമയും അവകാശപ്പെടുന്നത് താന്‍ മുര്‍മുവിനു വോട്ട് ചെയ്തിട്ടില്ല എന്നാണ്. പിന്നെ ആരാണ് എന്നത് രാഷ്ട്രീയ നിരീക്ഷകരെയും കുഴക്കുന്ന ചോദ്യമാണ്. ഖദറാണ് മിന്നല്‍ വേഗത്തില്‍ കാവിയണിയുക എന്നു ചൂണ്ടിക്കാട്ടി സി.പി.എം കോണ്‍ഗ്രസ്സിനു നേരെയാണ് സംശയത്തിന്റെ കുന്തമുന തിരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ തെളിവ് ഹാജരാക്കാന്‍ പറ്റാത്തതിനാല്‍ ഇത് വെറും ആരോപണം മാത്രമായാണ് അന്തരീക്ഷത്തില്‍ നില്‍ക്കുന്നത്. രഹസ്യ വോട്ടായതിനാല്‍ കണ്ടു പിടിക്കില്ലന്ന വിശ്വാസത്തില്‍ കളം മാറ്റി ചവിട്ടിയ അംഗവും തല്‍ക്കാലും ആശ്വാസത്തിലാണ്.
രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ ഈ കുറ്മാറ്റം വരാനിരിക്കുന്ന വലിയ കൂറുമാറ്റത്തിന്റെ തുടക്കമാകുമോ എന്നതാണ് ഇനി കണ്ടറിയേണ്ടത്. കുറച്ചു സീറ്റുകള്‍ ലഭിച്ചാല്‍ തന്നെ കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കുമെന്നാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ അവകാശപ്പെട്ടിരുന്നത്. കൂറുമാറാന്‍ അപ്പുറത്ത് ആളുകള്‍ റെഡിയാണെന്ന് സൂചിപ്പിക്കുന്ന പ്രസ്താവന തന്നെ ആയിരുന്നു അത്. അന്ന് തമാശയായി കണ്ട് സുരേന്ദ്രന്റെ വാദം തള്ളിയവര്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് മാറ്റത്തോടെ ശരിക്കും ഞെട്ടിയിട്ടുണ്ട്. കേരള നിയമസഭയിലും ബി.ജെ.പി വിചാരിച്ചാല്‍ അംഗങ്ങളെ അടര്‍ത്തിയെടുക്കാന്‍ കഴിയുമെന്ന അവകാശവാദത്തെ ഇനി ഒരിക്കലും രാഷ്ട്രീയ കേരളത്തിന് തമാശയായി കാണാന്‍ സാധിക്കുകയില്ല.
ഒരിക്കല്‍ കൂടി യു.ഡി.എഫിന് ഭരണം നഷ്ടമായാല്‍ ബി.ജെ.പിയുടെ പ്രതീക്ഷയാണ് വര്‍ദ്ധിക്കുക. അത്തരമൊരു സാഹചര്യത്തില്‍ ഖദറിനെ കാവിയണിയിക്കാന്‍ കേരളത്തിലും എളുപ്പത്തില്‍ അവര്‍ക്കു കഴിയും. വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയ സാധ്യത കാണുന്ന രണ്ടു സീറ്റുകളും നിലവില്‍ കോണ്‍ഗ്രസ്സിന്റെ സീറ്റുകളാണ്. തിരുവനന്തപുരം, തൃശൂര്‍ ലോക്‌സഭാ സീറ്റുകളാണത്. കഴിഞ്ഞ തിരത്തെടുപ്പില്‍ ആകെയുള്ള 20 സീറ്റില്‍ 19 സീറ്റുകളും നേടിയത് യു.ഡി.എഫാണ്. ഇത്തവണ അവര്‍ 10 സീറ്റ് നിലനിര്‍ത്തിയാല്‍ പോലും അത് മഹാത്ഭുതമാകും. ഇടതുപക്ഷമാകട്ടെ 15 സീറ്റുകളിലാണ് വിജയം പ്രതീക്ഷിക്കുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ വിജയമൊന്നും ചുവപ്പിന്റെ പ്രതീക്ഷകളെ ഇല്ലാതാക്കിയിട്ടില്ല. പരമ്പരാഗതമായ സീറ്റില്‍ വീണ്ടും കോണ്‍ഗ്രസ്സ് ജയിച്ചു എന്നതിന് അപ്പുറം മറ്റൊരു രാഷ്ട്രീയ പ്രാധാന്യവും തൃക്കാക്കരയുടെ കാര്യത്തില്‍ ഇടതുപക്ഷം കാണുന്നില്ല.
അതേസമയം, രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ദ്രൗപദി മുര്‍മുവിനുണ്ടായ വമ്പന്‍ വിജയം അപ്രതീക്ഷിതമായിരുന്നില്ലന്നതാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പ്രതിപക്ഷത്തുണ്ടായ ഭിന്നിപ്പും, കൂറുമാറിയുള്ള വോട്ടുമാണ് എതിര്‍ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയുടെ വോട്ടുമൂല്യത്തില്‍ കനത്ത ഇടിവുണ്ടാക്കിയതെന്നാണ് വിലയിരുത്തല്‍. ഭൂരിപക്ഷമുറപ്പിക്കാന്‍ തുടക്കത്തില്‍ ഒമ്പതിനായിരത്തിലേറെ വോട്ടുമൂല്യം കുറവുണ്ടായിരുന്ന എന്‍.ഡി.എക്ക് ഇതോടെയാണ് അനായാസ ജയം ഉറപ്പിക്കാന്‍ സാധിച്ചിരുന്നത്. പ്രതിപക്ഷനിരയില്‍ നിന്ന് 12 സംസ്ഥാനങ്ങളില്‍ നിന്നായി 17 എം.പി.മാരും 126 നിയമസഭാംഗങ്ങളും കൂറുമാറി വോട്ടു ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ നിരവധി കോണ്‍ഗ്രസ്സ് അംഗങ്ങളും ഉള്‍പ്പെടുന്നതായാണ് സൂചന.
എന്‍.ഡി.എ.യുടെ രാഷ്ട്രപതിസ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവിനെ ദേശീയ-പ്രാദേശിക തലങ്ങളില്‍നിന്നായി 44 പാര്‍ട്ടികളാണ് പിന്തുണച്ചിരിക്കുന്നത്. പ്രതിപക്ഷനിരയിലെ എട്ടു പാര്‍ട്ടികളും അതില്‍പ്പെടുന്നുണ്ട്. പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്കൊപ്പം 34 പാര്‍ട്ടികള്‍ മാത്രമാണ് നിലയുറപ്പിച്ചിരുന്നത്. ഈ വോട്ടുകള്‍ മുഴുവന്‍ ഉറപ്പിക്കാന്‍ പോലും പ്രതിപക്ഷ ചേരിക്ക് സാധിച്ചില്ല എന്നതും വലിയ വീഴ്ച തന്നെയാണ്. അതും പറയാതിരിക്കാന്‍ കഴിയുകയില്ല …..
EXPRESS KERALA VIEW