സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ഇന്ന് അസമിനെതിരെ. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ വൈകുന്നേരം 4.30നാണ് മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ നേരിട്ട ഒരേയൊരു പരാജയം അസമിനെതിരെ ആയതിനാല്‍ ആ സമ്മര്‍ദ്ദത്തിലാവും കേരളം ഇന്ന് ഇറങ്ങുക.
ഏറെക്കാലത്തിനു ശേഷം ടീമില്‍ തിരികെയെത്തിയ വിനോദ് കുമാറാണ് ബൗളര്‍മാരില്‍ മികച്ച പ്രകടനം നടത്തുന്നത്. കെഎം ആസിഫും ബേസില്‍ തമ്പിയും ഫോമൗട്ടാണ്. കര്‍ണാടകയില്‍ നിന്ന് ഈ സീസണില്‍ ടീമിലെത്തിയ ശ്രേയാസ് ഗോപാല്‍, സിജോമോന്‍ ജോസഫ് എന്നിവര്‍ തരക്കേടില്ലാത്ത പ്രകടനങ്ങള്‍ നടത്തി. ജലജ് സക്‌സേന ലഭിച്ച അവസരങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ചു. ബേസിലിനു പകരം ഉണ്ണികൃഷ്ണന്‍ മനുകൃഷ്ണന് അവസരം ലഭിച്ചെക്കാനിടയുണ്ട്.അസമില്‍ പരാഗ് തന്നെയാണ് സൂപ്പര്‍ സ്റ്റാര്‍. പരാഗിനു കീഴില്‍ ഒരുകൂട്ടം യുവതാരങ്ങള്‍ ഒരു ടീമെന്ന നിലയില്‍ അസാധ്യ പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നു. മൃണ്മോയ് ഗുപ്ത, സിബ്‌സങ്കര്‍ റോയ്, ആകാശ് സെന്‍ഗുപ്ത തുടങ്ങിയ താരങ്ങള്‍ വിവിധ മത്സരങ്ങളില്‍ മികച്ചുനിന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ ആറ് മത്സരങ്ങളില്‍ ആറും വിജയിച്ചെത്തിയ കേരളത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഏഴാം മത്സരത്തില്‍ നേരിട്ടത്. ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമിലുള്ള ക്യാപ്റ്റന്‍ റിയാന്‍ പരാഗിന്റെ ഓള്‍റൗണ്ട് മികവില്‍ കേരളത്തെ മറികടന്ന അസം പ്രീക്വാര്‍ട്ടറില്‍ ബംഗാളിനെയും വീഴ്ത്തി. ഈ മത്സരത്തിലും പരാഗ് തന്റെ ഫോം തുടര്‍ന്നു. തുടരെ ഏഴ് അര്‍ധസെഞ്ചുറികള്‍ നേടിയ പരാഗ് ലോക റെക്കോര്‍ഡ് നേട്ടവും സ്വന്തമാക്കി. ഒഡീഷയ്‌ക്കെതിരായ ആദ്യ കളി 45 റണ്‍സിനു പുറത്തായ പരാഗ് പിന്നീട് എല്ലാ മത്സരങ്ങളിലും അര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് പരാഗ്. ഇതിനൊപ്പം 11 വിക്കറ്റും നേടിയ താരം ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയാണ്. പരാഗിനെ പിടിച്ചുനിര്‍ത്തുക എന്നതാവും കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.