Kerala want new dam in Mullapperiyar

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണ കൂടിയേ തീരൂവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെയും പ്രധാനമന്ത്രിയെയും അറിയിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

തമിഴ്‌നാടിന് വെളളം നല്‍കേണ്ടതിന്റെ ആവശ്യകത കേരളം മനസിലാക്കുന്നു. എന്നാല്‍ ജനങ്ങളുടെ സുരക്ഷ പ്രധാനമാണെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 999 വര്‍ഷത്തേക്കുള്ളതാണ് നിലവിലെ പാട്ടക്കരാര്‍. അത്രയും കാലം ഇപ്പോഴത്തെ അണക്കെട്ട് നിലനില്‍ക്കുമെന്ന് ആര്‍ക്കും പറയാനാവില്ല. ഇന്നല്ലെങ്കില്‍ നാളെ പുതിയ അണ നിര്‍മിച്ചേ മതിയാവൂ. അത് ഇന്നുതന്നെ വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

തമിഴ്‌നാടിന് ഒരുദിവസം പോലും വെള്ളം മുടങ്ങാതെ പുതിയ അണക്കെട്ട് നിര്‍മ്മാണവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയില്‍ കേരള എംപിമാരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്നുദിവസത്തെ ഡല്‍ഹി സന്ദര്‍ശനത്തിനിടെ ഇക്കാര്യം കേന്ദ്ര ജലവിഭവ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. ഡല്‍ഹി സന്ദര്‍ശനത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്നാണ് മുല്ലപ്പെരിയാര്‍ വിഷയമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി പി.ജെ. ജോസഫും കേന്ദ്രമന്ത്രിയെ കാണും.

Top