രാത്രിയില്‍ കൂടുതല്‍ ജലം ഒഴുക്കി വിടരുത്‌; തമിഴ്‌നാടിനോട് നിലപാട് കടുപ്പിച്ച് കേരളം

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറില്‍ നിന്ന് ജലം തുറന്നുവിട്ടതില്‍ പ്രതിഷേധം അറിയിച്ച് കേരളം. പ്രശ്നം തമിഴ്നാടിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. രാത്രിയില്‍ കൂടുതല്‍ ജലം പെരിയാറിലേക്ക് ഒഴുക്കുന്ന നടപടി ശരിയല്ല. പകല്‍ സമയങ്ങളില്‍ വെള്ളം ഒഴുക്കി ജലനിരപ്പ് ക്രമീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി വെള്ളം എടുക്കണമെന്ന് തമിഴ്നാടിനോട് നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ കേന്ദ്ര ജല കമ്മിഷനെയും സ്ഥിതി ഗതികള്‍ അറിയിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ രണ്ട് സ്പില്‍വേ ഷട്ടറുകള്‍ അടച്ചു. രാവിലെ മുതല്‍ ഒന്‍പത് ഷട്ടറുകള്‍ തുറന്നുവിട്ടിട്ടും ഡാമിലെ ജലനിരപ്പില്‍ കുറവുവന്നിട്ടില്ല. ഡാമിലേക്കുള്ള നീരൊഴുക്കും ശക്തമായി തുടരുകയാണ്. വൈകുന്നേരത്തോടെ മഴ ശക്തമായാല്‍ വീണ്ടും അടച്ച ഷട്ടറുകള്‍ തുറന്നേക്കും.

2300 ഘനയടി വെള്ളമാണ് തമിഴ്നാട് നിലവില്‍ അണക്കെട്ടില്‍ നിന്ന് കൊണ്ടുപോകുന്നത്. നിലവില്‍ ഏഴ് ഷട്ടറുകളിലൂടെയാണ് ജലം പുറത്തേക്ക് ഒഴുക്കിവിടുന്നത്. 30 സെന്റിമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നിരിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 142 അടി പിന്നിട്ടതോടെയാണ് ഒന്‍പത് സ്പില്‍വേ ഷട്ടറുകളിലൂടെ വെള്ളം ഒഴുക്കിത്തുടങ്ങിയത്. 5 ഷട്ടറുകള്‍ 60 സെന്റീമീറ്ററും, 4 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പെരിയാറിന്റെ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top