കൊച്ചി: ഇന്ത്യയുടെ അഭിമാന താരമായി മാറിയ ഇന്ത്യന്‍ ഹോക്കി ടീമംഗമായ ശ്രീജേഷിന് ജന്മനാടിന്റെ ഹൃദ്യമായ വരവേല്‍പ്പ്. കായിക മന്ത്രി വി അബ്ദുറഹ്മാന്‍ കൊച്ചി വിമാനത്താവളത്തില്‍ നേരിട്ടെത്തിയാണ് മലയാളികളുടെ അഭിമാനമായ ശ്രീജേഷിനെ സ്വീകരിച്ചത്.
ഏറെ വൈകാരികമായ നിമിഷങ്ങള്‍ക്കാണ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്. തനിക്ക് ലഭിച്ച വെങ്കല മെഡല്‍ വിമാനത്താവളത്തില്‍വെച്ചുതന്നെ ശ്രീജേഷ് അച്ഛന്റെ കഴുത്തിലണിഞ്ഞു. നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ശ്രീജേഷിനെ സ്വീകരിക്കാന്‍ അച്ഛന്‍ പി ആര്‍ രവീന്ദ്രനും കുടുംബാംഗങ്ങളും എത്തിയിരുന്നു. ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയശേഷം ഈ മെഡല്‍ അച്ഛന് സമര്‍പ്പിക്കുന്നുവെന്ന് ശ്രീജേഷ് പറഞ്ഞിരുന്നു.
ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ നേട്ടം മലയാളികള്‍ക്കുള്ള ഓണ സമ്മാനമെന്ന് പി ആര്‍ ശ്രീജേഷ് പറഞ്ഞു. ഒളിമ്പിക്‌സ് മെഡല്‍ നേടിയശേഷം സര്‍ക്കാര്‍ എന്ത് പാരിതോഷികം നല്‍കുമെന്നല്ല ചിന്തിച്ചത്. മെഡലുമായി എങ്ങനെ എത്രയുംവേഗം വീട്ടിലെത്താമെന്നായിരുന്നു. തന്റെ നേട്ടം കേരളത്തില്‍ ഹോക്കി കളിക്കാര്‍ക്ക് വലിയ പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ടോക്യോയിലെ കാലാവസ്ഥ ആദ്യ ദിവസങ്ങളില്‍ ബുദ്ധിമുട്ടിച്ചിരുന്നു. ചൂടും മഴയും ഇടകലര്‍ന്ന കാലാവസ്ഥയുമായി പെട്ടെന്ന് പൊരുത്തപ്പെടാനായി. പാരീസ് ഒളിമ്പിക്‌സ് അല്ല ഇപ്പോഴത്തെ ലക്ഷ്യം. പാരീസിലേക്ക് ഇനിയും മൂന്ന് വര്‍ഷമുണ്ട്. അതിന് മുമ്പ് അടുത്തവര്‍ഷം ഏഷ്യന്‍ ഗെയിംസുണ്ട്. അതിനാണ് ഇപ്പോള്‍ ആദ്യ പരിഗണനയെന്നും അത് കഴിഞ്ഞ് 2023ലെ ലോകകപ്പാണ് ലക്ഷ്യമെന്നും ശ്രീജേഷ് പറഞ്ഞു.
വൈകിട്ട് അഞ്ച് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ശ്രീജേഷിന് വമ്പന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കായിക മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ നേരിട്ടെത്തിയാണ് ശ്രീജേഷിനെ സ്വീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെയാണ് ശ്രീജേഷിനെ ജന്‍മനാടായ കിഴക്കമ്പലത്തെക്ക് എത്തിച്ചത്.