കേരളം ഒരിക്കൽ ബി.ജെ.പി ഭരിക്കുക തന്നെ ചെയ്യുമെന്ന് സന്ദീപ് വാര്യർ, കേന്ദ്രത്തിലെ അവിശുദ്ധ കൂട്ട് കെട്ടിനെ ജനം തള്ളിക്കളയും

കേരളം ഒരിക്കൽ ബി.ജെ.പി ഭരിക്കുക തന്നെ ചെയ്യുമെന്ന് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഇടതു – വലതു മുന്നണികളുടെ അവസരവാദ രാഷ്ട്രീയം തുറന്നുകാട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും ഇത്തവണ ബിജെപിക്ക് പ്രതീക്ഷയുണ്ട്. മുൻ മുഖ്യമന്ത്രിയായ ഉമ്മൻചാണ്ടിയുടെ മരണത്തിനുശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് ആയതിനാൽ, നിലവിൽ ഭരണത്തിൽ ഇരിക്കുന്ന പാർട്ടിക്ക് ആ ഒരു വൈകാരികമായ പ്രകടനത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതാണ്. എന്നാൽ, അത്തരത്തിലൊരു ആനുകൂല്യം പുതുപ്പള്ളിയിൽ ഇത്തവണ യുഡിഎഫിന് ലഭിക്കാനുള്ള സാധ്യത തീരെയില്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിപുലമായ പ്രചരണ പരിപാടികൾ നടത്തിയ എൽഡിഎഫ് ഇപ്പോൾ മാസപ്പടി വിവാദവും, കരിവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട മുൻസഹകരണ വകുപ്പ് മന്ത്രിക്ക് എതിരായുള്ള ഇഡിയുടെ റെയ്ഡ് അടക്കമുള്ള സംഭവങ്ങളും വന്നതോടെ, കേരള സമൂഹത്തിൽ മുഴുവനായും തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്.അതുകൊണ്ടുതന്നെ സ്വാഭാവികമായും ഇത്തവണ ബിജെപിക്ക് പുതുപ്പള്ളിയിൽ വ്യക്തമായ സാധ്യത വന്നിട്ടുണ്ട്. അതിലൊന്ന് നരേന്ദ്രമോദി സർക്കാരിന്റെ കീഴിൽ നടത്തിവരുന്ന സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളാണ്. ആ സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഫലം ലഭിക്കാത്തവർ പുതുപ്പള്ളിയിലും ഉണ്ടാവുകയില്ല. ഏകദേശം ഇരുപതിനായിരം വീടുകളിൽ പി എം കിസാൻ സമ്മാൻ യോജന എത്തുന്നുണ്ട്. കൂടാതെ പല കേന്ദ്ര പദ്ധതികളും മിക്ക പഞ്ചായത്തുകളിലും നടന്നു വരുന്നുണ്ട്. ജൻ ഔഷധി സെന്ററുകളിൽ നിന്നും മരുന്നു വാങ്ങാത്തവർ പോലും കുറവാണ്. അതുകൊണ്ടുതന്നെ ബിജെപി സ്ഥാനാർഥിയായ ലിജിൻ ലാലിന് അനുകൂലമായിട്ടുള്ള വിധി തന്നെ പുതുപ്പള്ളിയിൽ ഉണ്ടാകുമെന്നും സന്ദീപ് വാര്യർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻനിർത്തി ഈ തിരഞ്ഞെടുപ്പിനെ വിലയിരുത്താൻ കഴിയില്ലന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ പുതുപ്പള്ളിയിൽ വോട്ട് കുറഞ്ഞത് ചൂണ്ടിക്കാണിച്ചപ്പോൾ ആയിരുന്നു ഈ പ്രതികരണം. ഓരോ തെരഞ്ഞെടുപ്പുകളും വ്യത്യസ്തമാണ്. തിരഞ്ഞെടുപ്പുകളെ വിലയിരുത്തേണ്ടത് അപ്പോഴത്തെ രാഷ്ട്രീയ സാഹചര്യം മുൻനിർത്തിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ പോസ്റ്റ്മോർട്ടം ചെയ്യേണ്ട സമയമല്ല ഇത്.കഴിഞ്ഞ അരനൂറ്റാണ്ടായി ഒരു വ്യക്തിയാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. ആ വ്യക്തി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു, എങ്കിൽപോലും കേരളത്തിലെ മറ്റ് നിയമസഭാ മണ്ഡലങ്ങളെ എടുത്തു നോക്കിയാൽ, പുതുപ്പള്ളിയിലെ വികസനം വളരെ പുറകിൽ ആണെന്നുള്ളത് ജനങ്ങൾ ഒന്നടങ്കം പറയുന്ന കാര്യമാണ്. വികസന കാര്യത്തിൽ പുതുപ്പള്ളി പുറകിലോട്ടാണ് എന്നുള്ള കാര്യം, കോൺഗ്രസിന് പരമ്പരാഗതമായി വോട്ട് ചെയ്യുന്ന കുടുംബങ്ങൾ പോലും സമ്മതിക്കുന്ന കാര്യമാണ്.

മണ്ഡലത്തിലെ ആറു പഞ്ചായത്തുകൾ ഭരിക്കുന്നത് എൽഡിഎഫ് ആണ്. വികസനത്തിന്റെ കാര്യത്തിൽ എൽഡിഎഫും യു.ഡി.എഫും ഒരേപോലെ കുറ്റവാളികളാണ്. അത് സ്വാഭാവികമായും പുതുപ്പള്ളിയിലെ ജനങ്ങൾ തിരിച്ചറിയുകയും, അതോടെ പുതുപ്പള്ളിയിലെ വികസന കാര്യങ്ങൾ ചർച്ചയാവുകയും ചെയ്യും. അങ്ങനെ ചർച്ചയാകുമ്പോൾ അതിന്റെ ആനുകൂല്യം ബി.ജെ.പിക്കാണ് ലഭിക്കുക. കേരളത്തിന്റെ സവിശേഷമായി സാഹചര്യത്തിലും ഇപ്പോൾ മുന്നോട്ടു കയറി വരാൻ ബിജെപി ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഒട്ടേറെ നേട്ടങ്ങൾ കഴിഞ്ഞ കാലത്ത് ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ബിജെപിക്ക് ജനപ്രതിനിധികളെ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്.

നിരവധി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഇപ്പോൾ ഭരിക്കുന്നത് ബിജെപിയാണ്. ഇതിൽ മുൻസിപ്പാലിറ്റികളും പെടും. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി ഇപ്പോൾ പ്രതിപക്ഷത്തുണ്ട്. സംസ്ഥാനത്തെ എല്ലാ കോർപ്പറേഷനുകളിലും ബിജെപിക്ക് നിലവിൽ പ്രാതിനിധ്യം ഉണ്ട്. അത്തരത്തിലുള്ള വലിയ മുന്നേറ്റം ഇപ്പോൾ കേരളത്തിൽ ഉണ്ടാക്കുവാൻ സാധിച്ചിട്ടുണ്ട്. അതിലൂടെ കേരളത്തിന്റെ നിയമസഭയ്ക്ക് അകത്തുകൂടി പ്രധാനപ്പെട്ട റോളിലേക്ക് എത്താനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. വൈകാതെ തന്നെ ഒരു വലിയ രാഷ്ട്രീയ മാറ്റത്തിന് കേരളത്തിൽ കളമൊരുങ്ങുമെന്നും സന്ദീപ് വാര്യർ അവകാശപ്പെട്ടു. ഇതിനു അനുസരിച്ചുള്ള ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളാണ് ഇപ്പോഴുള്ളത്. ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ഒറ്റ ഉദ്ദേശത്തോടുകൂടി. സകല അഴിമതിക്കാരുടെയും കൊള്ളക്കാരുടെയും സംഘമായ പുതിയൊരു മുന്നണി കൂടി  രൂപീകരിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ആ മുന്നണിയുടെ പുതിയ പരീക്ഷണ ഓട്ടമാണ് പുതുപ്പള്ളിയിലും കാണാൻ സാധിക്കുന്നത്. പരസ്പരം സഹായിച്ചുകൊണ്ടുള്ള ഒരു മത്സരമാണ് പുതുപ്പള്ളിയിൽ നടക്കുന്നത്. എന്തായാലും അവർ അതിൽ പരാജയപ്പെടും.ഒരു സാഹചര്യത്തിലും ഒരുമിക്കാത്ത രണ്ടാളുകളാണ് ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഉദ്ദേശത്തോടുകൂടി ഒരുമിച്ചിട്ടുള്ളത്. അവർക്കെതിരായിട്ടുള്ള ഒരു വലിയ ജനവികാരം രാജ്യത്തുണ്ട് അത് കേരളത്തിലും തീർച്ചയായും പ്രതിഫലിക്കും.

ലോക്സഭാ തെരഞ്ഞെടുപ്പിൽ എത്ര സീറ്റുകൾ എന്നതിൽ ബിജെപിക്ക് ലക്ഷ്യമില്ല. മത്സരിക്കുന്നത് ജയിക്കാനാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വർഷക്കാലമായി രാജ്യത്ത് ചെയ്തിട്ടുള്ള പ്രവർത്തനങ്ങളുടെ ആകെ തുക ജനങ്ങൾക്ക് മുന്നിൽ സമർപ്പിച്ചു കൊണ്ടാണ് ബിജെപി ജനങ്ങളെ അഭിമുഖീകരിക്കാൻ പോകുന്നത്. സമാനതകൾ ഇല്ലാത്ത വികസന മുന്നേറ്റം സാധ്യമാക്കാൻ നരേന്ദ്രമോദി സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. ദേശീയപാതയുടെ വികസനങ്ങൾ നടക്കുന്നു, ഭാരത് ട്രെയിൻ അടക്കം അടിസ്ഥാന വികസന രംഗത്ത് നരേന്ദ്രമോദി സർക്കാർ കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്.

ആലപ്പുഴ ബൈപ്പാസ്, കൊല്ലം ബൈപ്പാസ്, കഴക്കൂട്ടം ബൈപ്പാസ് , തുടങ്ങി സംസ്ഥാനത്തുടനീളം അടിസ്ഥാന വികസനരംഗത്ത് കേന്ദ്രസർക്കാർ നടത്തിയിട്ടുള്ള വലിയ ഇൻവെസ്റ്റ്മെന്റിലാണ് ബിജെപിക്ക് പ്രതീക്ഷയുള്ളത്. അതുകൊണ്ടുതന്നെ ജനങ്ങളുടെ അഭിപ്രായം ബിജെപിക്ക് അനുകൂലമായി മാറ്റാൻ ഇത് സഹായിക്കും. എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിജയിക്കാനാണ്. ബി ജെ പി മത്സരിക്കുന്നതും ജയിക്കാൻ തന്നെയാണ്.

തെരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച് നിയമനിർമാണത്തിൽ പങ്കെടുക്കാൻ കഴിയുന്നതോടുകൂടിയാണ്, ആ പാർട്ടി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങൾ സമൂഹത്തിൽ നടപ്പാക്കാൻ കഴിയുന്നത്. ആ അർത്ഥത്തിൽ കേരളത്തിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്താൻ ബിജെപി അധികാരത്തിൽ വരേണ്ടതുണ്ട്. അധികാരത്തിൽ വരാനുള്ള പ്രവർത്തനങ്ങൾ നടത്തുക… അധികാരത്തിൽ എത്തുന്നത് ഒരു ലക്ഷ്യമായി കാണുക… എന്നതൊന്നും ഒരിക്കലും മോശപ്പെട്ട ഒരു കാര്യമല്ല. ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടി ശ്രമിക്കേണ്ടത് ജനങ്ങളുടെ വിശ്വാസം ആർജിച്ച് അധികാരത്തിൽ വരാനായിരിക്കണം.

ബിജെപി ഈ രാജ്യത്ത് പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ഥാനാർത്ഥികളെ നിർത്തുകയും മത്സരിക്കുകയും, ജനങ്ങളുടെ വിധി തേടുകയും ചെയ്യുന്നവരാണ്. പലപ്പോഴും ജനങ്ങൾ ഞങ്ങൾക്ക് അനുകൂലമായും പ്രതികൂലമായും വോട്ടുകൾ ചെയ്യാറുണ്ട്.. പക്ഷേ അത് ഞങ്ങളെ ബാധിക്കുന്ന ഘടകമേയല്ല. ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നത് അതിന്റെ പങ്കാളിത്തമാണ്. ആ പങ്കാളിത്തം ഉറപ്പാക്കാൻ ബിജെപി എല്ലാകാലത്തും ശ്രമിക്കുമെന്നും സന്ദീപ് വാര്യർ പറഞ്ഞു (അഭിമുഖം പൂർണ്ണമായും വീഡിയോയിൽ കാണുക )

Top