തലപ്പാടി: തലപ്പാടി അതിര്‍ത്തിയില്‍ കൊവിഡ് പരിശോധനയ്ക്കായി ഇന്ന് മുതല്‍ കേരളം സൗകര്യമൊരുക്കും. സ്‌പൈസ് ഹെല്‍ത്തുമായി ചേര്‍ന്ന് ആര്‍ടിപിസിആര്‍ മൊബൈല്‍ ടെസ്റ്റിങ് യൂണിറ്റാണ് ഏര്‍പ്പെടുത്തുന്നത്. തലപ്പാടിയില്‍ കര്‍ണാടക ഒരുക്കിയിരിക്കുന്ന കൊവിഡ് പരിശോധന കേന്ദ്രം ഇന്നലെ അടച്ചുപൂട്ടിയിരുന്നു. ഇതോടെയാണ് പരിശോധന കേന്ദ്രം ആരംഭിക്കാന്‍ തീരുമാനമെടുത്തതെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്തിന്റെ കര്‍ണാടക അതിര്‍ത്തിയില്‍ ഇന്നും പരിശോധന തുടരും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കടത്തിവിടു. നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് രാഷ്ട്രീയ പാര്‍ട്ടികളും യുവജന സംഘടനകളും തലപ്പാടിയിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കും.
രണ്ട് ദിവസം മുന്‍പാണ് കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് ആര്‍ടിപിസി ആര്‍ പരിശോധന ഫലം കര്‍ണാടക സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത്. കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധന ഫലമാണ് നിര്‍ബന്ധമാക്കിയത്. കേരളത്തിന് പുറമെ മഹാരാഷ്ട്രയില്‍ നിന്ന് എത്തുന്നവര്‍ക്കും നിബന്ധന ബാധകമെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.